തിരുവനന്തപുരം: ലൈഫ് മിഷനും റെഡ് ക്രസന്‍റും തമ്മിൽ തുടർകരാറുകൾ ഒപ്പിടാൻ സർക്കാർ തയ്യാറാകാതിരുന്നതാണ് കോടിക്കണക്കിന് രൂപയുടെ അഴിമതിക്ക് കളമൊരുക്കിയത് എന്ന് തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം പദ്ധതി വൻവിവാദത്തിലായതോടെ ഫയലുകൾ വിളിപ്പിച്ച് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കാനൊരുങ്ങുന്നതായി സൂചനയുണ്ട്. എന്നാൽ ഫയലുകൾ വിളിപ്പിച്ചത് തട്ടിപ്പ് മൂടിവെക്കാനാണെന്ന് കോൺഗ്രസ് ആരോപിച്ചു.

സർക്കാർ ഭൂമിയിലെ ഫ്ലാറ്റ് നിർമ്മാണത്തിൽ സ്വപ്ന സുരേഷും ഈജിപ്ഷ്യൻ പൗരനുമെല്ലാം കോടിക്കണക്കിന് രൂപ കമ്മീഷൻ നേടാൻ ഇടയാക്കിയത് സ‍ർക്കാറിന്‍റെ പിടിപ്പ് കേട് മൂലമെന്ന് ധാരണാപത്രത്തിലൂടെ വെളിവാകുകയാണ്. ലൈഫ് മിഷനും റെഡ് ക്രസന്‍റും തമ്മിലുണ്ടാക്കിയ അതീവദുർബ്ബലമായ ധാരണപത്രമാണ് അഴിമതിക്കെല്ലാം കാരണം. ഫ്ലാറ്റും ആശുപത്രിയും പണിയാമെന്ന് ധാരണയുണ്ടാക്കിയെങ്കിലും തുടർക്കരാറുകൾ ഒന്നും ഒപ്പിട്ടില്ല. യൂണിടാക്കിന് വർക്ക് ഓർഡർ നൽകിയതായും പറയുന്നില്ല. വിദേശസ്ഥാപനങ്ങളിൽ നിന്നും പണം സ്വീകരിക്കുമ്പോൾ കൈക്കൊള്ളേണ്ട മാനദണ്ഡങ്ങളും പാലിച്ചില്ല. 
വിവാദങ്ങൾക്കിടെ പണം പറ്റിയത് യുഎഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനാണെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകൻ ജോൺ ബ്രിട്ടാസ് സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ചാനലിൽ ഇന്നലെ പറഞ്ഞിരുന്നു. വിവാദ പദ്ധതിയിൽ ഇതുവരെ സ്വന്തം നിലയ്ക്ക് അന്വേഷണം പ്രഖ്യാപിക്കാതെ ഒളിച്ചുകളിക്കുന്ന സർക്കാർ ഏതെങ്കിലും തരത്തിലുള്ള അന്വേഷണത്തിനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിയമ-തദ്ദേശ വകുപ്പുകളിലെ ഫയലുകൾ മുഖ്യമന്ത്രി വിളിപ്പിച്ചത്. 

ധാരണാപത്രത്തിൽ നിയമവകുപ്പ് എതിർപ്പറിയിച്ചിട്ടില്ലെന്ന് നിയമമന്ത്രി എ കെ ബാലൻ വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കിൽ ഈ ധാരണാപത്രത്തെക്കുറിച്ച് സംസ്ഥാനസർക്കാർ അന്വേഷിക്കാൻ തയ്യാറാണ്. പരാതികൾ ഉയർന്നാൽ ധാരണാപത്രത്തിലും മാറ്റം വരുത്താൻ സർക്കാർ തയ്യാറാണെന്നും എ കെ ബാലൻ വ്യക്തമാക്കി. 

നിയമവകുപ്പ് ധാരണാപത്രത്തെക്കുറിച്ച് എതിർപ്പറിയിക്കുകയല്ല, ചില കാര്യങ്ങളിൽ വ്യക്തത തേടുക മാത്രമാണ് ചെയ്തത്. ലൈഫ് മിഷൻ വഴി വിദേശസഹകരണം ലഭിക്കുന്നതിൽ വിദേശമന്ത്രാലയത്തിന്‍റെ അനുമതി ആവശ്യമില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ഈ ധാരണാപത്രം സർക്കാർ താത്പര്യത്തിന് വിരുദ്ധമായിരുന്നുവെന്ന് നിയമവകുപ്പ് പറഞ്ഞിട്ടില്ലെന്നും എ കെ ബാലൻ പറയുന്നു. 

എന്നാൽ ഈ നടപടി പ്രഹസനമാണെന്ന് അനിൽ അക്കരെ എംഎൽഎ ആരോപിക്കുന്നു. ഫയലുകൾ വിളിപ്പിച്ചത് തട്ടിപ്പ് മൂടിവെക്കാനാണെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം.

'സ്വപ്ന രണ്ട് തവണ കമ്മീഷൻ പറ്റി'

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് രണ്ട് തവണ കമീഷൻ വാങ്ങിയെന്ന് യൂണിടാക് മൊഴി നൽകിയതായി കൊച്ചി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. രണ്ടാം തവണ വാങ്ങിയ ഒരു കോടി രൂപ, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള കോഴയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഇരുപത് കോടി രൂപയുടെ പദ്ധതിയില്‍ നാല് കോടി 35 ലക്ഷം രൂപയും കോഴയായി നൽകേണ്ടി വന്നുവെന്നും യൂണിടാക് അന്വേഷണ ഏജൻസികൾക്ക് മൊഴി നൽകി. 

ലൈഫ് മിഷന്‍ പദ്ധതിയിൽ ഫ്ലാറ്റ് പണിയാന്‍ ഒരു നിര്‍മാണക്കന്പനിയെ തെരഞ്ഞെടുക്കണമെന്ന് കോണ്‍സുല്‍ ജനറല്‍ സ്വപ്നയോട് ആവശ്യപ്പെടുന്നതോടെയാണ് ഗൂഢാലോചന തുടങ്ങുന്നത്. സ്വപ്നയും സന്ദീപും സരിതും ചേര്‍ന്ന് യൂണിടാകിനെ ചുമതല ഏല്‍പ്പിക്കുന്നു. മൊത്തം 20 കോടി രൂപയുടെ പദ്ധതിയില്‍ 6 ശതമാനം ഇവർ കമ്മീഷൻ ആവശ്യപ്പെട്ടു. 

തുടര്‍ന്ന് ആദ്യഗഡുവായി 55 ലക്ഷം രൂപ സന്ദീപിന്‍റെ ഉടമസ്ഥതയിലുള്ള ഐഎസ്ഒ മോങ്ക് എന്ന സ്ഥാപനത്തിന്‍റെ ബാങ്ക് അക്കൗണ്ടില്‍ ഇട്ടതായി യൂണിടാക് അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഈ പണം ഇവർ തമ്മിൽ വീതിച്ചെടുത്തു. ഇതിന് ശേഷം കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഓഫീസര്‍ ഖാലിദിനെ കാണാൻ ആവശ്യപ്പെട്ടു. നിര്‍മാണ കരാർ നൽകാൻ തനിക്കും കോൺസുൽ ജനറലിനും കൂടി 20 ശതമാനം കമ്മീഷൻ വേണം എന്നായിരുന്നു ഖാലിദിന്‍റെ ആവശ്യം. അതും ഡോളറിൽ. തുടര്‍ന്ന് 3 കോടി 80 ലക്ഷം കോണ്‍സുല്‍ ജനറലിന് കൈമാറി.

തുടര്‍ന്നാണ് കോണ്‍സുല്‍ ജനറലിന് കൈമാറിയ കമ്മീഷനിൽ നിന്ന് ഒരു കോടി രൂപ ആവശ്യപ്പെട്ട് സ്വപ്ന രംഗത്തു വരുന്നത്. ഈ തുക കൈമാറിയതിന് തൊട്ടു പിന്നാലെ എം ശിവശങ്കറെ നേരില്‍ കാണാന്‍ യൂണിടാകിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള കോഴയാണ് സ്വപ്ന രണ്ടാമത് വാങ്ങിയ ഈ ഒരു കോടിയെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്.

കോണ്‍സുൽ ജനറൽ നൽകിയ ഒരു കോടി രൂപ നിര്‍മാണക്കന്പനിയെ നിർദേശിച്ചതിന് തനിക്ക് ലഭിച്ച സമ്മാനമാണെന്നും താൻ ഇത് ലോക്കറില്‍ വെച്ചു എന്നുമാണ് കഴിഞ്ഞ ദിവസം സ്വപ്ന കോടതിയില്‍ വാദിച്ചത്. ഇത്രയും പണം ലോക്കറിലുള്ള സ്വപ്ന, എന്തിന് പല തവണ ശിവശങ്കറില്‍ നിന്ന് കടം വാങ്ങിയെന്ന എന്‍ഫോഴ്സ്മെന്‍റിന്‍റെ ചോദ്യത്തിന് പക്ഷെ വ്യക്തമായ ഉത്തരം ഉണ്ടായില്ല. അതായത്, മറ്റാര്‍ക്കോ വേണ്ടിയുള്ള പണം ആണ് ഇതെന്ന് അന്വേഷണ വൃത്തങ്ങള്‍ പറയുന്നു.