കുട്ടിയുടെ അച്ഛന്‍ സജീവനെതിരെയും മുത്തശ്ശി സിപ്സിക്ക് എതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് ബാലനീതി നിയമപ്രകാരം ഇരുവര്‍ക്കും എതിരെ കേസെടുത്തത്.
തിരുവനന്തപുരം: കൊച്ചിയില്‍ ഒന്നരവയസ്സുകാരിയെ മുക്കിക്കൊന്ന സംഭവത്തില്‍ (Child Murder) കുട്ടിയുടെ മുത്തശ്ശി തിരുവനന്തപുരത്ത് അറസ്റ്റിലായി. പൂന്തുറ പൊലീസാണ് കുട്ടിയുടെ മുത്തശ്ശി സിപ്സിയെ അറസ്റ്റ് ചെയ്തത്. ബീമാപ്പള്ളി ഭാഗത്ത് എത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.
കുട്ടിയുടെ അച്ഛന്‍ സജീവനെതിരെയും മുത്തശ്ശി സിപ്സിക്ക് എതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് ബാലനീതി നിയമപ്രകാരം ഇരുവര്‍ക്കും എതിരെ കേസെടുത്തത്. ബുധനാഴ്ച്ചയാണ് കൊച്ചി കലൂരിലെ ലെനിൻ സെൻ്ററിന് അടുത്തുള്ള ഒരു ഹോട്ടൽ മുറിയിൽ വച്ച് ഒന്നരവയസ്സുകാരി നോറയെ കുട്ടിയുടെ മുത്തശ്ശിയുടെ സുഹൃത്ത് കൊലപ്പെടുത്തിയത്.
പൊലീസ് പറഞ്ഞപ്പോഴാണ് തന്‍റെ സുഹൃത്ത് ബിനോയ് കുട്ടിയെ ബക്കറ്റിൽ മുക്കിക്കൊന്നത് അറിഞ്ഞതെന്നും തന്നോടുള്ള വിരോധത്താലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും സിപ്സി പറഞ്ഞിരുന്നു. കുട്ടി ഛർദ്ദിച്ചെന്ന് പറഞ്ഞ് പുലർച്ചെ ബിനോയ് വിളിച്ചിരുന്നു. കൊന്നതാണെന്ന് പൊലീസ് പറഞ്ഞാണറിഞ്ഞത്. എട്ടുകൊല്ലമായി ജോൺ ബിനോയ് ഡിക്രൂസ് തന്‍റെ സൂഹൃത്താണ്. മകൻ സജീവന്‍റെ കുട്ടികളുമായി കൊച്ചിയിൽ പലയിടത്തും മുറിയെടുത്ത് താമസിച്ചിരുന്നു. അപ്പോഴൊക്കെ ജോൺ ആണ് കുട്ടികളെ നോക്കിയിരുന്നതെന്നുമാണ് സിപിസി പറഞ്ഞത്.
ജീവന് ഭീഷണിയെന്നും കൊല്ലപ്പെട്ട കുഞ്ഞിന്‍റെ അമ്മ
പണം കൊടുക്കാത്തതാണ് അമ്മായി അമ്മയ്ക്കും സുഹൃത്തിനും തന്നോട് വൈരാഗ്യമുണ്ടാകാന്‍ കാരണമെന്ന് കൊല്ലപ്പെട്ട കുഞ്ഞിന്‍റെ അമ്മ ഡിക്സി പറയുന്നു. തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും അവര്‍ പറഞ്ഞു. കുഞ്ഞ് ഐസിയുവിലാണെന്നും വേഗം വരണമെന്നും പറഞ്ഞ് അമ്മയാണ് വിളിച്ചത്. കുഞ്ഞ് മരിച്ചെന്ന് അറിയുന്നത് ഇവിടെ വന്നപ്പോളാണ്. പിള്ളേരെ പൊന്നുപോലെ നോക്കിക്കൊള്ളാമെന്നാണ് തന്നോട് പറഞ്ഞിരുന്നത്. എന്നാല്‍ മക്കളെ നോക്കിയിരുന്നില്ല.
മക്കളെ നോക്കാത്തത് കൊണ്ട് ഭർത്താവിന് പണം അയച്ചു കൊടുക്കുന്നത് നിർത്തിയിരുന്നതെന്നും കൊല്ലപ്പെട്ട ഒന്നരവയസ്സുകാരിയുടെ അമ്മ ഡിക്സി പറഞ്ഞു. അമ്മായി അമ്മ കുഞ്ഞിനെയും കൊണ്ട് ഹോട്ടലുകളില്‍ പോയിരുന്നതായും ഡിക്സി പറഞ്ഞു. കുഞ്ഞുങ്ങളെ അച്ഛനും മുത്തശ്ശിയും പീഡിപ്പിക്കുന്നത് സംബസിച്ച് ശിശുക്ഷേമ സമിതിയിൽ പരാതിപ്പെട്ടിരുന്നുവെന്ന് കുഞ്ഞിൻ്റെ അമ്മയുടെ അമ്മ മേഴ്സി പറഞ്ഞു. എന്നാൽ ഒരു നടപടിയും സ്വീകരിച്ചില്ല. അമ്മ ഗൾഫിൽ നിന്ന് വന്ന ശേഷം നോക്കാമെന്നാണ് ശിശുക്ഷേ സമിതിയിൽ നിന്ന് ഫോണിൽ അറിയിച്ചതെന്നും മേഴ്സി ഏഷ്യാനെറ്റ് ന്യുസിനോട് പറഞ്ഞു. കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ അമ്മ ഡിക്സി വിദേശത്ത് നിന്നെത്തി. മൂത്ത കുഞ്ഞിനെ ഡിക്സിക്കൊപ്പം വിട്ടയച്ചു.
കൊച്ചിയിൽ സംഭവിച്ചത്.
മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് കൊച്ചി കലൂരുളള ഹോട്ടലിൽ നടന്നത്. ഒന്നരവയസ്സുള്ള കുഞ്ഞിനെ അച്ഛന്റെ അമ്മയുടെ സുഹൃത്ത് വെള്ളത്തിൽ മുക്കിക്കൊന്നു. അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്‍റെയും ഡിക്സിയുടേയും മകൾ നോറ മരിയയാണ് കൊല്ലപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹോട്ടൽ മുറിയിൽ വച്ച് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നതാണെന്ന് വ്യക്തമായി. സംഭവത്തിൽ കുട്ടിയുടെ പിതാവിന്‍റെ അമ്മയുടെ സുഹൃത്തും പള്ളുരുത്തി സ്വദേശിയുമായ ജോൺ ബിനോയ് ഡിക്രൂസ് (24) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ മാസം അഞ്ചാം തിയതി മുതല്‍ മുത്തശ്ശി സിപ്സിയും ജോണ്‍ ബിനോയിയും രണ്ട് കുട്ടികളും ലോഡ്ജില്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. സിപ്സിയുടെ മകന്‍റെ മക്കളാണ് കൂടെയുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. ടൈല്‍ ജോലിക്കാരനായിരുന്ന കുട്ടിയുടെ പിതാവ് അപകടത്തെ തുടര്‍ന്ന് ജോലിക്ക് പോയിരുന്നില്ല. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട്കുട്ടികളും മുത്തശ്ശിയുടെ കൂടെയാണ് കഴിഞ്ഞിരുന്നത്. കൊലപാതകം നടന്ന ദിവസം കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ചില തര്‍ക്കങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നടന്നിരുന്നു.
ജോണ്‍ ബിനോയ് ആണ് കുട്ടിയുടെ പിതാവെന്നായിരുന്നു ആരോപണം. ഇതില്‍ കുപിതനായാണ് യുവാവ് കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നത്. എന്നാല്‍ ഈ സമയം കുട്ടിയുടെ മുത്തശ്ശി ഹോട്ടലിലുണ്ടായിരുന്നില്ല. തുടര്‍ന്ന് ഒരുമണിയോടെ യുവാവ് മുത്തശ്ശിയെ വിളിച്ച് കുട്ടി ഛര്‍ദ്ദിച്ചെന്നും ബോധരഹിതയായെന്നും പറഞ്ഞു. ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ഇവരുടെ ഒപ്പം യുവാവ് ആശുപത്രിയിലേക്ക് എത്തിയിരുന്നില്ല. ആശുപത്രിയിലെത്തിയ സിപ്സി യുവാവ് പറഞ്ഞത് തന്നെ ആവര്‍ത്തിച്ചു. എന്നാല്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടിയുടെ ശ്വാസകോശത്തിലടക്കം വെള്ളം ചെന്നതായി വ്യക്തമായത്. ഇതോടെ കൊലപാതകമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
