പാലക്കാട് പുതുശ്ശേരിയിൽ തൊഴിലിടത്തിൽ കുഴഞ്ഞുവീണു മരണപ്പെട്ട തൊഴിലുറപ്പ് തൊഴിലാളി ബാലന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ എക്സ്ഗ്രേഷ്യ അനുവദിക്കാൻ ഓംബുഡ്സ്മാൻ നിർദ്ദേശിച്ചു. ഓംബുഡ്സ്മാൻ സത്യനാഥൻ എം മരണപ്പെട്ടയാളുടെ വീട് സന്ദർശിച്ച് കുടുംബത്തിന്റെ സാഹചര്യങ്ങൾ നേരിട്ട് മനസ്സിലാക്കി.
പാലക്കാട്: തൊഴിലിടത്തിൽ വെച്ച് മരണപ്പെട്ട തൊഴിലുറപ്പ് തൊഴിലാളിയുടെ കുടുംബത്തിന് 2 ലക്ഷം രൂപ എക്സ്ഗ്രേഷ്യ അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഓംബുഡ്സ്മാൻ നിര്‍ദ്ദേശം. പാലക്കാട് പുതുശ്ശേരി സ്വദേശിയായ ബാലൻ എന്നയാളാണ് മരണപ്പെട്ടത്. ഒക്ടോബർ 21-ന് ഉച്ചയ്ക്ക് 12 മണിയോടെ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തി സ്ഥലത്ത് ജോലി ചെയ്തുകൊണ്ടിരിക്കെ ബാലന് നെഞ്ചുവേദന അനുഭവപ്പെടുകയും തലകറങ്ങി കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. ബാലന്റെ വീട് തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ സത്യനാഥൻ എം സന്ദർശിച്ചു. മരണപ്പെട്ട തൊഴിലാളിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച് കുടുംബത്തിന്റെ സാഹചര്യങ്ങൾ നേരിട്ട് മനസ്സിലാക്കിയ ഓംബുഡ്സ്മാൻ, തൊഴിലുറപ്പ് പദ്ധതി പ്രകാരം അർഹമായ 2,00,000 രൂപയുടെ എക്സ്ഗ്രേഷ്യ ധനസഹായം അനുവദിക്കുന്നതിനാവശ്യമായ നടപടികൾ അനാവശ്യ കാലതാമസം കൂടാതെ പൂർത്തീകരിക്കാൻ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകുകയായിരുന്നു.




