മന്ത്രി ജി. സുധാകരൻ വാർത്താസമ്മേളനം നടത്തി തുറന്നടിച്ചതിന്‍റെ അമ്പരപ്പ് പാർട്ടി കേന്ദ്രങ്ങളിൽ മാറും മുൻപാണ് മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്‍റെ ഭാര്യ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്.
ആലപ്പുഴ: മന്ത്രി ജി. സുധാകരൻ സ്ത്രീ വിരുദ്ധപരാമർശം നടത്തിയെന്ന പരാതിയിലും തുടർന്നുള്ള വിവാദങ്ങളിലും പ്രതികരണങ്ങൾ ഒഴിവാക്കാൻ ജില്ലാ നേതാക്കൾക്ക് സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശം. മന്ത്രിയുടെ വാർത്താസമ്മേളനത്തെ തുടർന്നുള്ള വിവാദങ്ങൾ തീരും മുൻപ് മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്‍റെ ഭാര്യ പൊലീസിൽ പരാതി നൽകിയത് വിഭാഗീയ നീക്കങ്ങളുടെ ഭാഗമാണെന്ന വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം. അതേസമയം സുധാകരനെതിരായ പരാതിയിൽ തുടർനടപടി സ്വീകരിക്കാതെ തട്ടിക്കളിക്കുകയാണ് പൊലീസ്.
മന്ത്രി ജി. സുധാകരൻ വാർത്താസമ്മേളനം നടത്തി തുറന്നടിച്ചതിന്‍റെ അമ്പരപ്പ് പാർട്ടി കേന്ദ്രങ്ങളിൽ മാറും മുൻപാണ് മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്‍റെ ഭാര്യ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. ജില്ലാ നേതൃത്വം ഇടപെട്ട് അനുനയ നീക്കങ്ങൾ നടത്തിയിട്ട് പോലും പിൻമാറാൻ എസ്എഫ്ഐ മുൻ ജില്ലാ കമ്മിറ്റി അംഗം കൂടിയായ പരാതിക്കാരി ഒരുക്കമല്ല.
ആലപ്പുഴ സിപിഎമ്മിൽ ജി. സുധാകരനെതിരെ രൂപപ്പെട്ട പുതിയ ചേരിയുടെ പിന്തുണ പരാതിക്കാരിക്ക് ഉണ്ടെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. തെരഞ്ഞെടുപ്പ് ഫലം വരും മുൻപേ തുടങ്ങിയ രൂക്ഷമായ വിഭാഗീയത ചെറുക്കാൻ സംസ്ഥാന നേതൃത്വം ഇടപെട്ടു കഴിഞ്ഞു. പുതിയ വിവാദങ്ങളിൽ പരസ്യപ്രതികരണങ്ങൾ വേണ്ട. എന്നാൽ പുതിയ ചേരിക്കെതിരെ ശക്തമായി നീങ്ങാനാണ് സുധാകര പക്ഷ നേതാക്കളുടെ തീരുമാനം.
ഏതുവിധേനയും പരാതി പിൻവലിപ്പിക്കാൻ ജില്ലാ നേതൃത്വം ശ്രമം തുടരുന്നുണ്ട്. അതിനിടെ, മന്ത്രിക്കെതിരായ പരാതിയിൽ കുടുങ്ങിയത് പൊലീസാണ്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ അമ്പലപ്പുഴ സ്റ്റേഷനിലും സൗത്ത് സ്റ്റേഷനിലുമായി പരാതി തട്ടിക്കളിക്കുന്ന അവസ്ഥയാണുള്ളത്. പൊലീസ് കേസ് എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരി.
