തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനത്തെ കോളേജുകളില്‍ ഗസ്റ്റ് ലെക്ചര്‍മാരുടെ നിയമനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ അയ്യായിരത്തോളം പേര്‍ ദുരിതത്തില്‍. മിക്കവരും ജോലിയോ വേതനമോയില്ലാതെ നിത്യവൃത്തിക്ക് പാടുപെടുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ശമ്പള കുടശ്ശിക പോലും ഇതുവരെ കിട്ടാത്തവരും നിരവധിയാണ്.

കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ക്ലാസുകള്‍ക്കായി സ്ഥിരാധ്യാപകരുളള വകുപ്പുകളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കേണ്ടതില്ലെന്നാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം. എന്നാല്‍ മിക്ക വകുപ്പുകളിലുമുളളത് വളരെ കുറച്ച് സ്ഥിരാധ്യപകര്‍ മാത്രമാണ്. ഇനി ഗസ്റ്റ് അധ്യാപകരില്ലെങ്കില്‍ നഷ്ടപ്പെടുന്ന ക്ലാസുകള്‍ തൊട്ടടുത്ത കോളേജില്‍ നിന്ന് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കണമെന്നാണ് നിര്‍ദേശം. ഇത് കൃത്യമായി നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയാണ്.

പല അധ്യാപകര്‍ക്കും കഴിഞ്ഞ വര്‍ഷത്തെ ശമ്പള കുടിശ്ശിക ഇനിയും കിട്ടിയിട്ടില്ല. നിയമനം നടന്നിട്ടില്ലെങ്കിലും പലരും ഇപ്പോഴും ശമ്പളമില്ലാതെ ഓണ്‍ലൈന്‍ ക്ലാസ് എടുക്കാന്‍ നിര്‍ബന്ധിതരാണ്. അടുത്ത വര്‍ഷം ഗസ്റ്റ് ലെക്ചററായി പരിഗണിക്കാതിരുന്നാലോയെന്ന പേടി മൂലമാണിത്. സിലബസ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിലവിലെ സാഹചര്യത്തില്‍ പാടുപെടുകയാണ് സ്ഥിരാധ്യാപകര്‍. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്തെങ്കിലും ഗസ്റ്റ് അധ്യാപരെ നിയമിക്കണമെന്നാണ് ഇവരുടെ ആവശ്യം.