Asianet News MalayalamAsianet News Malayalam

ആനകളെ എഴുന്നള്ളിക്കുന്നതിന് നിബന്ധനകൾ പുറത്തിറക്കി; ഉത്സവങ്ങൾക്ക് 25 ലക്ഷം രൂപയുടെയെങ്കിലും ഇന്‍ഷുറൻസ് വേണം

എല്ലാവരും ആനകളില്‍ നിന്ന് മൂന്ന് മീറ്റര്‍ മാറിനില്‍ക്കണം. ആനപ്പാപ്പന്മാര്‍ ഒഴികെ ആരും ആനകളെ സ്പര്‍ശിക്കാന്‍ പാടില്ല. 

Guidelines for using elephants in festivals including mandatory insurance of minimum 25 lakhs afe
Author
First Published Dec 29, 2023, 12:28 AM IST

കൊല്ലം: ആനകളെ ഉത്സവത്തിന് എഴുന്നള്ളിപ്പിക്കുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കി. ഓരോ ആനയ്ക്കും ഉടമയുടെ ഡാറ്റ ബുക്കിന്റെ പകര്‍പ്പ് ഓരോ എഴുന്നള്ളത്തിനു മുമ്പും ഹാജരാക്കണം. മൃഗസംരക്ഷണ - വനം വകുപ്പുകള്‍ പരിശോധിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. പകല്‍ 11 മണിക്കും ഉച്ചയ്ക്ക് 3.30 നും ഇടയിലുള്ള സമയം ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥകളിലുണ്ട്.

ഒരു ദിവസം ആറുമണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി എഴുന്നള്ളിപ്പും അനുവദനീയമല്ല. പരമാവധി ഒരു ദിവസം രണ്ടു പ്രാവശ്യം നാലു മണിക്കൂര്‍ വീതം എഴുന്നള്ളിപ്പിക്കാം. രാത്രി ഉപയോഗിച്ച ആനകളെ വീണ്ടും അടുത്ത പകല്‍ എഴുന്നള്ളിപ്പിക്കരുത്. ആനകള്‍ ഉള്‍പ്പെടുന്ന പുതിയ പൂരങ്ങള്‍ക്ക് അനുവാദം നല്‍കില്ല. 2020 വരെ രജിസ്റ്റര്‍ ചെയ്തവയ്ക്കാണ് അനുമതി. രജിസ്റ്റര്‍ ചെയ്ത 48 ആനകളാണ് ജില്ലയിലുള്ളത്. 
എല്ലാവരും ആനകളില്‍ നിന്ന് മൂന്ന് മീറ്റര്‍ മാറിനില്‍ക്കണം. ആനപ്പാപ്പന്മാര്‍ ഒഴികെ ആരും ആനകളെ സ്പര്‍ശിക്കാന്‍ പാടില്ല. ആനകളെ ഉപയോഗിക്കുന്ന എല്ലാ ഉത്സവങ്ങളും ഉത്സവ കമ്മിറ്റി 72 മണിക്കൂര്‍ സമയത്തേക്ക് 25 ലക്ഷം രൂപയ്‌ക്കെങ്കിലും ഇന്‍ഷ്വര്‍ ചെയ്യണം. പാപ്പാന്മാര്‍ മദ്യപിച്ച് ജോലിക്കെത്തരുത്.  അവര്‍ പൊലീസിന്റെ പരിശോധനയ്ക്ക് വിധേയരാകണം

ആനകളെ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോള്‍ ഡി.എഫ്.ഒമാരില്‍ നിന്നും വാഹന പെര്‍മിറ്റ് എടുത്തിരിക്കണം.  25 വര്‍ഷം മുമ്പ് ആചാരപ്രകാരം നടത്തിയിട്ടുള്ള ആനയോട്ടം മാത്രമേ ഇനി അനുവദിക്കൂ. തലപ്പൊക്ക മത്സരം പോലെയുള്ള ചടങ്ങുകള്‍ അനുവദിക്കില്ല. പതിനഞ്ചിൽ കൂടുതല്‍ ആനകളെ പങ്കെടുപ്പിക്കുന്ന ഉത്സവങ്ങള്‍ നടത്താന്‍ മതിയായ സ്ഥലമുണ്ടോയെന്ന് പരിശോധിക്കുമെന്ന് ജില്ലാ മൃഗാശുപത്രി മേധാവി ഡോ. ഡി ഷൈന്‍കുമാര്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios