Asianet News MalayalamAsianet News Malayalam

'ഉത്തർപ്രദേശിലാണെങ്കിൽ ഇത് നടക്കില്ല, തന്നെ ആക്രമിച്ചവരെ സർക്കാർ സംരക്ഷിക്കുന്നു'; ആരോപണത്തിലുറച്ച് ​ഗവർണർ

ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ ആക്രമണശ്രമം നടത്തിയ ഇര്‍ഫാന്‍ ഹബീബിനെതിരെ നടപടി എടുത്തില്ല. രണ്ട് തവണ കത്തയച്ചിട്ടും കണ്ണൂര്‍ വീസി അവഗണിച്ചു.അതിനുള്ള പ്രതിഫലമാണ് പുനര്‍ നിയമനം

gvernor firm on allegations against Kannur VC
Author
Delhi, First Published Aug 24, 2022, 10:34 AM IST

ദില്ലി; കണ്ണൂര്‍ വിസിക്കും സര്‍ക്കാരിനുമെതിരായ ആരോപണത്തിലുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചരിത്ര കോണ്‍ഗ്രസില്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ച ഇര്‍ഫാന്‍ ഹബീബീനെതിരെ ഇതുവരെ നടപടിയെടുത്തില്ല. ഗൂഢാലോചന നടന്നു എന്നതിന്‍റെ  തെളിവാണ് സർക്കാരിന്‍റെ മൗനം. ഇർഫാൻ ഹബീബിന്‍റെ  പ്രതിഷേധം കേരള സർക്കാർ നടപടി എടുക്കില്ല എന്ന ധൈര്യത്തിൽ ആയിരുന്നു. വേദിയിൽ ഉണ്ടായിരുന്ന  ഒരു വനിത വളരെ മോശം ഭാഷയിൽ സംസാരിച്ചു. ഉത്തർപ്രദേശിലാണ് എങ്കിൽ ഇത് നടക്കില്ല. തന്നെ ആക്രമിച്ചവരെ സംരക്ഷിക്കുകയാണ് സർക്കാർ. ആക്രമണത്തിന് കൂട്ടു നിന്നതിനുള്ള പ്രതിഫലം ആണ്  വിസിയുടെ പുനർ നിയമനം.

ചരിത്ര കോണ്‍ഗ്രസിലെ ആക്രമണശ്രമത്തെക്കുറിച്ച് വിസിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. രണ്ട് തവണ കത്തയച്ചിട്ടും വിസി നിഷേധാത്മക വിശദീകരണമാണ് നല്‍കിയത്. സുരക്ഷ വിദഗ്ധനല്ലെന്നായിരുന്നു വിസിയുടെ മറുപടി.ഭരണഘടനയന്ത്രം തകര്‍ന്നാല്‍ എന്ത് ചെയ്യണമെന്ന് തനിക്കറിയാമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. സര്‍വ്വകലാശാല ഭേദഗതി ബില്ലില്‍ ഒപ്പിടില്ലെന്ന സൂചന ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ബില്ലിന് പിന്നിലെ ലക്ഷ്യം വ്യക്തമാണ്. നേതാക്കളുടെ ബന്ധുനിയമനമാണ് ലക്ഷ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു

 

'ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ടയെന്ന് വിളിച്ച് ഗവര്‍ണര്‍'

ചരിത്രകാരൻ ഇർഫാൻ ഹബീബിനെ ഗുണ്ടയെന്ന്  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ ദില്ലിയില്‍ വിശേഷിപ്പിച്ചിരുന്നു. ഇർഫാൻ ഹബീബ് ചെയ്തത് തെരുവ് ഗുണ്ടയുടെ പണിയാണ്. ഇര്‍ഫാന്‍ ഹബീബിന്‍റെ പ്രവര്‍ത്തിയെ പ്രതിഷേധമെന്ന് വിളിക്കാനാകില്ല. ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായത് ആസൂത്രിത ആക്രമണണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. ദില്ലിയില്‍ ഗൂഡാലോചന നടത്തിയത് മുൻപേ അറിഞ്ഞിരുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഗൂഢാലോചനയില്‍ വിസിയും പങ്കാളിയാണ്. 

കേരളത്തിൽ എഫ്ബി പോസ്റ്റിന് വരെ ആളുകളെ അറസ്റ്റ് ചെയ്യുകയാണ്. കറുത്ത ഷര്‍ട്ടിട്ടാല്‍ നടപടി എടുക്കുന്ന അവസ്ഥയാണ്. എന്നാല്‍ ഗവര്‍ണര്‍ക്കെതിരെ ആക്രമണം ഉണ്ടായിട്ട് നടപടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസരംഗം തകര്‍ച്ചയിലാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു. ആർഎസ്എസിന്‍റെ ആളാണെന്ന വിമർശനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഗവർണർ കൂട്ടിച്ചേര്‍ത്തു. താൻ ഒപ്പ് വെക്കാതെ ഒന്നും നിയമമാകില്ലെന്ന് പറഞ്ഞ ഗവർണർ, സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായ ഒന്നിലും ഒപ്പ് വയ്ക്കില്ലെന്നും വ്യക്തമാക്കി.

അതിനിടെ, കണ്ണൂർ വിസിക്കെതിരായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ക്രിമിനല്‍ പരാമർശത്തെ ചരിത്രകാരന്‍മാർ അപലപിച്ചു. അപകീർത്തികരവും രാഷ്ട്രീയ പ്രേരിതവുമായ പരാമർശം അംഗീകരിക്കാനാകില്ലെന്നും, ഗവർണർ ഇത്തരം ആക്ഷേപങ്ങള്‍ അവസാനിപ്പിക്കണമെന്നും അന്‍പത് ചരിത്രകാരന്‍മാരും അധ്യാപകരും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

ഗവർണറുടെ ആരോപണം എന്ത്?

ഇക്കഴിഞ്ഞ ദിവസമാണ് കണ്ണൂർ വി സി ഡോ. ഗോപിനാഥ് രവീന്ദ്രനെതിരെ ക്രിമിനൽ പ്രയോഗം നടത്തിയത്. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ കായികമായി തന്നെ നേരിടാന്‍ വൈസ് ചാന്‍സിലര്‍ ഒത്താശ ചെയ്തെന്ന് ആരോപിച്ചായിരുന്നു ഗവര്‍ണറുടെ ക്രിമിനൽ പരാമർശം. 2019 ല്‍ കണ്ണൂര്‍ സര്‍വ്വകാലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലെ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ അന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് തന്‍റെ  പ്രസംഗത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതും പിന്നീട് കയ്യാങ്കളിയോളമെത്തിയതും ആസൂത്രിത സംഭവമായിരുന്നുവെന്നും അതിന് എല്ലാ ഒത്താശയും കണ്ണൂര്‍ വിസി ചെയ്തെന്നുമാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. തന്‍റെ എഡിസിക്ക് നേരെ കയ്യേറ്റമുണ്ടായി. ദില്ലി കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നും വൈസ് ചാന്‍സിലര്‍ അതില്‍ പങ്കാളിയായിരുന്നുവെന്നും ഗവവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഷ്ട്രപതിക്കോ ഗവര്‍ണ്ണര്‍ക്കോ നേരെ കയ്യേറ്റ ശ്രമമുണ്ടാകുന്നത് ഗുരുതരമായ കുറ്റമാണ്. എന്നാല്‍ സംഭവം പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്താനോ, താന്‍ നിര്‍ദ്ദേശിച്ച അന്വേഷണത്തോട് സഹകരിക്കാനോ വിസി തയ്യാറായില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു.

'ഗവർണർ മാപ്പ് പറയണം', പരസ്യ പ്രതിഷേധത്തിന് സിപിഎം; കണ്ണൂർ സർവകലാശാലയിൽ പ്രതിഷേധിക്കാൻ എംവി ജയരാജൻ എത്തും

Follow Us:
Download App:
  • android
  • ios