മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. 2024-ൽ 130 മില്യൺ വോട്ടർമാരെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ 250 എംപിമാർ പ്രതീകാത്മക ഇംപീച്ച്‌മെന്റ് നടത്തി. ഗ്യാനേഷ് കുമാർ നിയമപരമായ വിചാരണ നേരിടണമെന്ന പ്രമേയവും പ്രതിപക്ഷം പാസാക്കി.
ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ചേ മതിയാകൂവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്യാനേഷ് കുമാർ സ്ഥാനത്തുനിന്ന് മാറാതെ നിർവാഹമില്ല. തെളിവുകൾ പുറത്തുവരുമ്പോൾ അദ്ദേഹത്തിന് രാജി വെക്കേണ്ടി വരും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറവിൽ കഴിയാമെന്ന് കരുതേണ്ടെന്നും, ഇന്നോ നാളെയോ ജനങ്ങളെ നേരിടേണ്ടി വരുമെന്നും രാഹുൽ പറഞ്ഞു. മറ്റു വഴികളെല്ലാം അടഞ്ഞതിനാലാണ് പ്രതിപക്ഷം ഒന്നടങ്കം ഗ്യാനേഷ്കുമാറിനെ ഇംപീച്ച്‌മെന്റിൽ ചർച്ച നടത്താൻ ഇവിടെ ഒരുമിച്ചുകൂടിയതെന്ന് രാഹുൽ വ്യക്തമാക്കി. 2024-ൽ വോട്ട് ചെയ്ത 130 മില്യൺ ആളുകളെയാണ് ഒഴിവാക്കിയത്. അവർ നിയമവിരുദ്ധ വോട്ടർമാരായിരുന്നോ എന്ന് രാഹുൽ ഗാന്ധി ചോദിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി ഇംപീച്ച് ചെയ്യാനുള്ള കാരണങ്ങൾ മല്ലികാർജുൻ ഖർഗെ വിശദീകരിച്ചു. ഖാർഗെയുടെ വസതിയിലാണ് 250 എംപിമാർ ഗ്യാനേഷ് കുമാറിനെതിരെ ഒന്നിച്ചത്.
മോദിയെയും അമിത് ഷായെയും നേരിടാൻ പ്രതിപക്ഷത്തിനറിയാം, പക്ഷേ അവരുടെ ആയുധമായി എക്കാലവും കഴിയാൻ കമ്മീഷനാവില്ല. ഭരണഘടന സംരക്ഷിക്കാനുള്ള പരിശുദ്ധ പോരാട്ടമാണിത്. തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ചാലും ഭരണഘടനാ സ്ഥാപനങ്ങളെ കൈവശം വെച്ചാലും ജനങ്ങളുടെ ശബ്ദം കേൾക്കേണ്ടി വരുമെന്നും, ഇന്ത്യയുടെ ആത്മാവിനെയാണ് ആക്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അട്ടിമറിക്ക് കൂട്ടുനിന്നവരുടെ നാശത്തിനാണ് ഈ രാഷ്ട്രീയ കൂട്ടായ്മയെന്നും രാഹുൽ പറഞ്ഞു.
ഗ്യാനേഷ് കുമാർ നിയമപരമായ വിചാരണ നേരിടണമെന്ന വിഷയത്തിൽ പ്രതിപക്ഷം പ്രമേയം വോട്ടെടുപ്പിലൂടെ പാസാക്കി. പ്രതികൂല സാഹചര്യത്തിലും പ്രതിപക്ഷം വലിയ നീക്കമാണ് നടത്തിയതെന്നും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും സ്പീക്കറായി ഇരുന്ന മീരാ കുമാർ പറഞ്ഞു. തുടർന്ന് ദേശീയ ഗാനത്തോടെ നടപടികൾ അവസാനിച്ചു.





