വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയും ഇടപെടലും ആവശ്യമാണെന്നും മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമായ കെ. സൈനുല്‍ ആബിദീന്‍.

തിരുവനന്തപുരം: നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയം നിരക്കുകളില്‍ വരുത്തിയ വന്‍ വര്‍ധനവ് പ്രവാസി മലയാളി സമൂഹത്തില്‍ വലിയ പ്രയാസവും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയും ഇടപെടലും ആവശ്യമാണെന്നും മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമായ കെ. സൈനുല്‍ ആബിദീന്‍.

പ്രവാസികളുടെ ആശങ്കകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചു. ലക്ഷക്കണക്കിന് വരുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് വലിയ താങ്ങായിരുന്ന പദ്ധതിയുടെ പ്രീമിയം തുകയില്‍, പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാരുടെയും കുടുംബ പോളിസികളുടെയും സ്ലാബുകളില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അര്‍ബുദം പോലുള്ള ഗുരുതര രോഗങ്ങളുടെ ചികിത്സാ ചിലവുകള്‍ വര്‍ധിച്ചതുകൊണ്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുണ്ടായ നഷ്ടമാണ് തുക ഉയര്‍ത്താന്‍ കാരണമായി പറയുന്നതെങ്കിലും, ഗള്‍ഫിലടക്കം സാമ്പത്തിക പ്രതിസന്ധികളോട് പൊരുതുന്ന സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ഈ സാമ്പത്തിക ഭാരം താങ്ങാന്‍ കഴിയില്ലെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

കെഎംസിസി ഉള്‍പ്പെടെയുള്ള പ്രമുഖ പ്രവാസി സംഘടനകളും വിഷയത്തില്‍ തങ്ങളുടെ പ്രതിഷേധവും ആശങ്കയും അറിയിച്ചിട്ടുണ്ട്. ഭരിക്കുന്ന മുന്നണിയുടെ ഭാഗമായ പാര്‍ട്ടിയുടെ പ്രതിനിധി എന്ന നിലയില്‍ പ്രവാസികളുടെ ഭാഗത്തുനിന്നുള്ള ന്യായമായ പ്രയാസങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രീമിയം തുകയ്ക്ക് സര്‍ക്കാര്‍ തലത്തില്‍ അടിയന്തര സബ്‌സിഡി അനുവദിക്കുകയോ, നിരക്കുകള്‍ പ്രവാസികള്‍ക്ക് താങ്ങാനാവുന്ന രീതിയില്‍ പുനഃക്രമീകരിക്കുകയോ ചെയ്യണമെന്ന് സൈനുല്‍ ആബിദീന്‍ ആവശ്യപ്പെട്ടു.