തിരുവനന്തപുരം: ഹജ്ജ് ക്യാമ്പിന് ഇന്ന് നെടുമ്പാശ്ശേരിയില്‍ തുടക്കമായി. ആദ്യ വിമാനം നാളെ പുറപ്പെടും. മന്ത്രി കെ ടി ജലീല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നാളെ മുതല്‍ ഈ മാസം 17 വരെ എട്ട് സര്‍വീസുകളാണ് ഇക്കുറി നെടുമ്പാശ്ശേരിയില്‍ നിന്നുണ്ടാവുക. 

ഉച്ചയ്ക്കുശേഷമാണ് സര്‍വീസുകള്‍. ആദ്യ സംഘം തീർത്ഥാടകരുമായി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് വിമാനം യാത്രയാകും. ഓരോ വിമാനത്തിലും 340 പേർ വീതമാണ് ഉണ്ടാകുക. 2,740 തീർത്ഥാടകരാണ് ഈ വർഷം നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ നിന്ന് യാത്രപുറപ്പെടുന്നത്. സംസ്ഥാനത്ത് നിന്നുള്ള തീർത്ഥാടകർക്ക് പുറമെ ലക്ഷദ്വീപിൽ നിന്നുള്ള ഹാജിമാരും നെടുമ്പാശ്ശേരിയിൽ നിന്നാണ് യാത്രയാകുക. 

സിയാൽ അക്കാദമി ബ്ലോക്കിലും പ്രത്യേകം സജ്ജീകരിച്ച ടെന്‍റുകളിലുമാണ് തീര്‍‌ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. നിസ്കാര സ്ഥലം, കോൺഫറൻസ് ഹാൾ, വിശ്രമ കേന്ദ്രം എന്നിവ താല്‍ക്കാലിക പന്തലിലും ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടി 3 ടെർമിനലിലാണ് രജിസ്ട്രേഷൻ കൗണ്ടർ ക്രമീകരിച്ചിരിക്കുന്നത്. 

മദീനയിൽ എത്തുന്ന തീർത്ഥാടകർ അവിടം നിന്നാണ് ഹജ്ജ് കർമം നിർവഹിക്കുന്നതിനായി മക്കയിൽ എത്തുക. ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ ഒന്നു വരെ ജിദ്ദ വിമാനത്താവളത്തിൽനിന്നാണ് ഇവരുടെ മടക്കയാത്ര.