വിപ്ലവ സൂര്യൻ വിഎസിന് 101 വയസ്; സമര നായകന് സ്നേഹ സന്ദേശങ്ങളുടെ പ്രവാഹം
സിപിഎം സ്ഥാപക നേതാക്കളിൽ അവസാനത്തെ കണ്ണിയും സംസ്ഥാനത്തിൻ്റെ മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായ വിഎസ് അച്യുതാനന്ദന് ഇന്ന് 102ാം പിറന്നാൾ
തിരുവനന്തപുരം: കേരളത്തിന്‍റെ വിപ്ലവ നക്ഷത്രം വിഎസ് അച്യുതാനന്ദന് ഇന്ന് നൂറ്റിയൊന്ന് വയസ് പൂർത്തിയായി. ശാരീരിക ബുദ്ധിമുട്ടുകളാല്‍ കഴിഞ്ഞ 5 വര്‍ഷമായി പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുമ്പോഴും വിഎസ് എന്ന രണ്ടക്ഷരത്തെ കേരളം സ്നേഹത്തോടെ ചേര്‍ത്ത് പിടിക്കുകയാണ്. ഭരണത്തുടര്‍ച്ചയെ തുടര്‍ന്നുള്ള ജീര്‍ണതകള്‍ പല രൂപത്തില്‍ പാര്‍ട്ടിയെ ഉലക്കുമ്പോള്‍ വിഎസ് അച്യുതാനന്ദന്‍ സജീവമായി നിന്ന രാഷ്ട്രീയ ദിനങ്ങളെയാണ് എല്ലാവരും ഓര്‍ക്കുന്നത്.
കേരള രാഷ്ട്രീയത്തില്‍ പ്രതിരോധത്തിന്‍റെ മറുപേരാണ് സഖാവ് വിഎസ് അച്ചുതാനന്ദന്‍. ത്യാഗസുരഭിലമായ ജീവിതത്തിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ മുന്നില്‍ നിന്ന അതുല്യനായ നേതാവ്. കുട്ടിക്കാലം മുതല്‍ തന്നെ അതികഠിനമായ ജീവിത സാഹചര്യങ്ങള്‍ തരണം ചെയ്തത് കൊണ്ടാകണം, ഒന്നിനോടും അയാള്‍ സമരസപ്പെട്ടില്ല. അഴിമതിക്കെതിരെ അദ്ദേഹം സധൈര്യം പോരാടി. അസമത്വങ്ങള്‍ക്കെതിരെ മല്ലടിച്ചു. എണ്ണമറ്റ തൊഴിലാളി സമരങ്ങളിലൂടെയും ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരത്തിലൂടെയുമെല്ലാം അദ്ദേഹം കേരളജനതയുടെ മനസിലിടം നേടി.
വെട്ടിനിരത്തിയും വെട്ടിയൊതുക്കപ്പെട്ടുമൊക്കെ അദ്ദേഹം സിപിഎം രാഷ്ട്രീയത്തിലെ അതികായനായി. വിഎസ്-പിണറായി പോരിന്‍റെ രണ്ട് ദശകങ്ങള്‍ സിപിഎം രാഷ്ട്രീയത്തിലെ തിളച്ചു മറിയുന്ന ഏടുകളാണ്. പാര്‍ട്ടിയൊന്നാകെ ഒരു പക്ഷത്ത് നിന്നപ്പോഴും വിഎസ് കടുകിട വിട്ടുകൊടുത്തില്ല. താന്‍ കൂടി ചേര്‍ന്നുണ്ടാക്കിയ പാര്‍ട്ടിയുടെ വലതുപക്ഷ വ്യതിയാനത്തെയും പാര്‍ട്ടി സംവിധാനത്തിന്‍റെ ജീര്‍ണതകളെയും അദ്ദേഹം പല്ലും നഖവുമുപയോഗിച്ച് ചെറുത്തു.ഈ പോരാട്ടത്തില്‍ കേരളജനത വിഎസിനൊപ്പം നിന്നു.
2019 ഒക്ടോബര്‍ 25ന് രാത്രിയുണ്ടായ പക്ഷാഘാതം ഏല്‍പിച്ച ശാരീരിക അവശതയില്‍ നിന്ന് അദ്ദേഹത്തിന് മോചനമുണ്ടായില്ല. കേരളത്തിന്‍റെ ഫിഡല്‍ കാസ്ട്രോയെന്ന് സീതാറാം യച്ചൂരി വിശേഷിപ്പിച്ച വിഎസിന് വയസ് 101 തികയുമ്പോള്‍ എന്നും തിരുത്തല്‍ ശക്തിയായിരുന്ന വിഎസിന്‍റെ വാക്കുകള്‍ക്ക് രാഷ്ട്രീയ എതിരാളികള്‍ പോലും കാതോര്‍ക്കുന്നുണ്ടാകും.
ഭരണത്തുടര്‍ച്ച പാര്‍ട്ടിയെ ദുഷിപ്പിച്ചെന്ന വാദം, സ്വര്‍ണക്കടത്തും സ്വര്‍ണം പൊട്ടിക്കലും പോലുള്ള ആരോപണങ്ങള്‍ വരെ പാര്‍ട്ടി നേരിടേണ്ട സാഹചര്യം, മിക്കപ്പോഴും പ്രതിപക്ഷത്തിന് മേല്‍ക്കൈ കിട്ടുന്ന അവസ്ഥ. വിഎസ് സജീവമായിരുന്നെങ്കിലെന്ന് പലരും ഓര്‍ത്തു പോകുകയാണ്. മറ്റൊരു സമ്മേളന കാലത്തിലൂടെ പാര്‍ട്ടി കടന്നു പോകുമ്പോഴാണ് കേരളത്തിന്‍റെ സമരേതിഹാസത്തിന്‍റെ 102 ആം പിറന്നാള്‍.