Asianet News MalayalamAsianet News Malayalam

ഹാരിസിന്റെ മരണം: വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി

കൊവിഡ് ചികിത്സ രംഗത്ത് ഏറെ പ്രശംസ പിടിച്ചു പറ്റിയ കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും ഇത്തരത്തിലൊരു സന്ദേശം വന്നത് ഏറെ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്

Haris death relatives demand inquiry files police complaint
Author
Kochi, First Published Oct 19, 2020, 2:07 PM IST

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളജിൽ കൊവിഡ് രോഗി ഇകെ ഹാരിസ് മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. കളമശ്ശേരി പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. സത്യം വെളിപ്പെടുത്തിയ നഴ്സിംഗ് ഓഫിസറെ സസ്പെൻഡ് ചെയ്തത് ശരിയായില്ലെന്നും കുറ്റക്കാർക്ക് എതിരെയാണ് നടപടി എടുക്കേണ്ടതെന്നും ബന്ധു അൻവർ ഹനീഫ് പറഞ്ഞു. ഹാരിസിന്റെ കുടുംബത്തിന് സർക്കാർ സഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ ജലജ ദേവിയുടെ പേരിലുള്ള സന്ദേശത്തിൻറെ ഭാഗമാണ് പുറത്ത് വന്നത്. കേന്ദ്ര സംഘത്തിൻറെ സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആർഎംഒ നഴ്സിംഗ് ഓഫീസറുടെയും ഹെഡ് നഴ്സുമാരുടെയും യോഗം വിളിച്ചിരുന്നു. ഇക്കാര്യങ്ങൾ ആശുപത്രി ജീവനക്കാരെ അറിയിക്കാനെന്ന പേരിലാണ് സന്ദേശം. ഗുരുതരാവസ്ഥയിലുള്ള പല രോഗികളുടെയും ഓക്സിജൻ മാസ്ക്ക് കൃത്യമായല്ല ഘടിപ്പിച്ചിരിക്കുന്നതെന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായി ജലജ ദേവി പറയുന്നു. ചിലരുടെ വെൻറിലേറ്റർ ട്യൂബുകളുടെയും അവസ്ഥ ഇതു തന്നെ. ഹാരിസിന്റെ മരണത്തെക്കുറിച്ചും ജലജ ദേവി പ്രത്യേകം സൂചിപ്പിക്കുന്നു. 'വാർഡിലേക്ക് മാറ്റാവുന്ന രീതിയിൽ സുഖപ്പെട്ട രോഗി അശ്രദ്ധ മൂലമാണ് മരിച്ചത്. ഡോക്ടർമാർ ഇടപെട്ട്  വിവരങ്ങൾ പുറത്ത് വിട്ടില്ല. പുറം ലോകം അറിയാത്തതിനാൽ മാത്രമാണ് ജീവനക്കാർ രക്ഷപ്പെട്ടതെന്നും ജലജ ദേവി പറയുന്നു. 

ഹാരിസിന്റെ മരണത്തിൽ ബന്ധുക്കൾ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. മരിച്ച ദിവസം ഹാരിസ് വീട്ടുകാരുമായി വീഡിയോ കോൾ ചെയ്തിരുന്നു. ആരോഗ്യ സ്ഥിതി മോശമായിരുന്നില്ലെന്നും നഴ്സിംഗ് ഓഫീസറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഹാരിസിന്റെ ബന്ധുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

കൊവിഡ് ചികിത്സ രംഗത്ത് ഏറെ പ്രശംസ പിടിച്ചു പറ്റിയ കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും ഇത്തരത്തിലൊരു സന്ദേശം വന്നത് ഏറെ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. സന്ദേശത്തിൻറെ നിജസ്ഥിതിയെക്കുറിച്ചും അതിൽ പറയുന്ന കാര്യങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ മുഖ്യമന്ത്രിക്ക് കത്തു നൽകി. 

Follow Us:
Download App:
  • android
  • ios