തിരുവനന്തപുരത്ത് വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എഞ്ചിനീയറിങ് എൻട്രസ് പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥികളും ആശുപത്രികളിലേക്ക് പോകാനുള്ളവരുമടക്കം കുരുക്കിൽ കുടുങ്ങി.
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജിലെ വിദ്യാര്‍ത്ഥി നിതിൻ രാജിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗണ്‍സിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ പലയിടങ്ങളിലും ഗതാഗതകുരുക്കുണ്ടായി. തിരുവനന്തപുരത്ത് കഴക്കൂട്ടം മുതൽ കണിയാപുരം വരെയാണ് വലിയരീതിയിലുള്ള ഗതാഗതകുരുക്കുണ്ടായത്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എഞ്ചിനീയറിങ് എൻട്രസ് പരീക്ഷ (വിഐടിഇഇഇ)എഴുതേണ്ട വിദ്യാര്‍ത്ഥികളും ആശുപത്രികളിലേക്ക് പോകാനുള്ളവരുമടക്കം കുരുക്കിൽ കുടുങ്ങി.
തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന് മുന്നിൽ പൊലീസും സമരക്കാരും തമ്മിൽ തര്‍ക്കമുണ്ടായി. ബസുകൾ കടത്തി വിടാൻ പൊലീസ് ശ്രമിച്ചതിനെതുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെഎസ്ആര്‍ടിസി ബസ് തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പള്ളിപ്പുറം സിആർപിഎഫ് ജംഗ്ഷനിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. സ്ത്രീകളടക്കമുള്ള പ്രവർത്തകരാണ് റോഡിൽ പ്രതിഷേധിച്ചത്.
കൊല്ലം കുണ്ടറ മുളവനയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. തൊടുപുഴയിൽ ഹർത്താൽ അനുകൂലുകളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.സ്വകാര്യ വാഹനങ്ങളും ബസുകളും തടഞ്ഞു. കാരാളിമുക്കിൽ പരീക്ഷയുടെ വാല്യുവേഷന് പോയ അധ്യാപക സംഘത്തിന്റെ വാഹനവും ഹർത്താൽ അനുകൂലികൾ തടഞ്ഞു. അധ്യാപകരെ അസഭ്യം പറഞ്ഞതായും പരാതി ഉയർന്നിട്ടുണ്ട്. പെരുമ്പാവൂരിൽ ഹർത്താൽ സാരമായി ബാധിച്ചിട്ടില്ല. സ്വകാര്യ ബസുകൾ പതിവുപോലെ സർവീസ് നടത്തുന്നുണ്ട്. അടൂരിൽ വീണ്ടും തർക്കം. സമരക്കാർ കെഎസ്ആർ ടിസി ബസുകൾ തടഞ്ഞു. പൊലീസ് ബലം പ്രയോഗിച്ചു. വടക്കൻ പറവൂരിലും പ്രതിഷേധം ശക്തം. സമര അനുകൂലികളും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.
ആലപ്പുഴയിൽ സമരാനുകൂലികൾ കയ്യേറ്റം ചെയ്‌തെന്ന് വ്യാപാരിയുടെ ആരോപണം. കടയിൽ കയറി വനിതാ ജീവനക്കാരിയെ സമരാനുകൂലികൾ ഭീഷണിപ്പെടുത്തിയാതായും പരാതി. മൊബൈൽ ഫോൺ പിടിച്ചെടുത്തെന്നും പിന്നീട് തിരികെ നൽകിയെന്നും വ്യാപാരി വ്യവസായി ഏകകോപന സമിതി യൂത്ത് വിംഗ് നേതാവ് പ്രവീൺ രാമഭദ്ര പറഞ്ഞു. ആലപ്പുഴയിൽ ഹര്‍ത്താലിനെതുടര്‍ന്ന് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. കടകൾ, ഹോട്ടലുകൾ പലതും തുറന്നു തുടങ്ങിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയും ആലപ്പുഴയിൽ സര്‍വീസ് നടത്തുന്നുണ്ട്. ആലപ്പുഴ തലവടിയിൽ സമരാനുകൂലികൾ ഗ്രാമപഞ്ചായത്ത് അടപ്പിച്ചു. കോട്ടയത്ത് കടകളും ബാങ്കുകളും അടപ്പിച്ചായിരുന്നു ഹർത്താൽ അനുകൂലികളുടെ പ്രതിഷേധം. കാഞ്ഞിരപ്പളളി, വൈക്കം വലിയ കവല എന്നിവിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞതോടെ വലിയ രീതിയിൽ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി. മണിപ്പുഴയിലെ ലുലു ഷോപ്പിംഗ് മാൾ, കാർ ഷോറൂമുകൾ എന്നിവിടങ്ങളിലേക്കും പ്രതിഷേധവുമായി സമരക്കാരെത്തി. മുണ്ടക്കയത്ത് തുറന്നുപ്രവർത്തിച്ച ബിവറേജസ് ഔട്ട്ലെറ്റ് അടപ്പിച്ചു. പെട്രോൾ ബങ്കുകൾക്ക് നേരെയും പ്രതിഷേധമുണ്ടായി.
അതേസമയം ഇടുക്കിയിലും ഹർത്താൽ അനുകൂലികൾ വ്യാപകമായി വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധിച്ചു. രാവിലെ കട്ടപ്പന, കുമളി, തൊടുപുഴ എന്നിവിടങ്ങളിലായിരുന്നു ആദ്യമണിക്കൂർ മുതൽ പ്രതിഷേധം. തൊടുപുഴ കെഎസ്ആർടിസി സ്റ്റാൻഡിന് പുറത്ത് റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഗാന്ധി സ്ക്വയർ, അടിമാലി തുടങ്ങിയ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും നടത്തി. കോഴിക്കോട് ഉള്ളിയേരിയിൽ സമരാനുകൂലികൾ സ്വകാര്യ ബസുകൾക്ക് മുൻപിൽ പ്രതിഷേധിച്ചു. പയ്യന്നൂർ നഗരത്തിലും കണ്ണൂര്‍ നഗരത്തിലും ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. കണ്ണൂർ പഴയങ്ങാടിയിൽ വാഹനങ്ങൾ തടഞ്ഞു. ദളിത് സംഘടന പ്രവർത്തകരാണ് വാഹനങ്ങൾ തടയുന്നത്.


