ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ അമൃത് സിംഗ് ഡാരന്റെ വർഗീയ പരാമർശത്തിനെതിരെ ഹൈബി ഈഡൻ എംപി രംഗത്ത്. ഫോർട്ട്കൊച്ചി മതസൗഹാർദത്തിന്റെ ഇടമാണെന്ന് ഹൈബി ഈഡൻ വ്യക്തമാക്കി.

കൊച്ചി: ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ അമൃത് സിംഗ് ഡാരന്റെ വർഗീയ പരാമർശത്തിൽ പ്രതികരണവുമായി ഹൈബി ഈഡൻ എംപി. കേരളത്തിന്‌ എതിരായ നോർത്ത് ഇന്ത്യൻ ലോബിയുടെ പ്രചാരമാണിതെന്ന് ഹൈബി ഈഡൻ പറഞ്ഞു. ലോകത്തിൽ കണ്ടിരിക്കേണ്ട 50 നഗരങ്ങളുടെ പട്ടികയിലാണ് കൊച്ചി. ഇത് തകർക്കാനുള്ള ശ്രമമാണിത്. ഫോർട്ട്കൊച്ചി മതസൗഹാർദത്തിന്റെ ഇടമാണെന്നും അമൃത് സിംഗ് ഡാരന് സുരക്ഷയിൽ ആശങ്ക വേണ്ടെന്നും ഹൈബി ഈഡൻ പറഞ്ഞു.

കേരളത്തിൽ അമൃത് സിംഗ് ഡാരൻ്റെ സുരക്ഷ ഉറപ്പാക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ജിന്നയുടെ ചിത്രം ആർട്ട് വർക്കിന്റെ ഭാഗമാണ്. ദിയകൃഷ്ണ അമൃത് സിംങിന് നൽകിയ പിന്തുണ വീട്ടിൽ നിന്ന് പഠിച്ച സംസ്ക്കാരമാണെന്നും ഹൈബി ഈഡൻ പറഞ്ഞു. അതേസമയം, കാശി ആർട്ട് കഫേ വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രം​ഗത്തെത്തി. എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് മലയാളികളാണെന്നും ഏതെങ്കിലും ഉത്തരേന്ത്യക്കാരനല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആ വീഡിയോയുടെ പുറകെ നടക്കേണ്ട കാര്യവുമില്ല. പക്ഷേ ഇതിൽ മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പാണ് ചർച്ച ചെയ്യേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മതേതരത്തെ സെലക്ടീവായി കാണരുത്. സവർക്കറെ അപമാനിച്ചപ്പോൾ മുഖ്യമന്ത്രി എവിടെയായിരുന്നു. ഹിന്ദുവികാരം വ്രണപ്പെട്ടപ്പോൾ ഒരു പ്രതികരണവും മുഖ്യമന്ത്രി നടത്തിയില്ല. ജിന്ന കേരളത്തിൽ ആരുടെ റോൾ മോഡൽ എന്ന് മുഖ്യമന്ത്രി പറയണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.