കഴിഞ്ഞ ഞായറാഴ്ച ഹാജരാകാൻ ഫോർട്ട് പൊലീസ് പി സി ജോര്‍ജിന് നോട്ടീസ് നൽകിയിരുന്നു. എന്നാല്‍, പൊലീസിന് മുന്നിൽ ഹാജരാകാതെ ജോർജ് ത്യക്കാക്കരയിൽ പോകുകയായിരുന്നു.
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ മുന്‍ എംഎല്‍എ പി സി ജോർജിന് (P C George) വീണ്ടും നോട്ടീസ് നൽകും. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകുക. കഴിഞ്ഞ ഞായറാഴ്ച ഹാജരാകാൻ ഫോർട്ട് പൊലീസ് പി സി ജോര്‍ജിന് നോട്ടീസ് നൽകിയിരുന്നു. എന്നാല്‍, പൊലീസിന് മുന്നിൽ ഹാജരാകാതെ ജോർജ് ത്യക്കാക്കരയിൽ പോകുകയായിരുന്നു. ജാമ്യ ഉപാധികൾ ലംഘിച്ചത് ചൂണ്ടികാട്ടി ഹൈക്കോടതിയെ സമീപിക്കണ്ടെന്നാണ് പൊലീസിന്‍റെ തീരുമാനം.
കോടതി നിർദ്ദേശപ്രകാരം ഹാജരാകണമെന്ന് ജോർജിന് പൊലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. പൊലീസിന് മുൻപിൽ മൊഴി നൽകാൻ ഹാജരാകാതിരിക്കുന്നത് കോടതിയുടെ ജാമ്യവ്യവസ്ഥകളുടെ ലംഘനമായി കാണേണ്ടി വരുമെന്ന് ഫോർട്ട് അസി. കമ്മീഷണർ നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നു. എന്നാൽ തൃക്കാക്കരയിലേക്ക് താൻ പ്രചാരണത്തിനായി പോവുകയാണെന്നും കൊച്ചിയിൽ പോയി, ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തേക്ക് എത്താനാവില്ലെന്നും പിസി ജോർജ് മറുപടി നല്‍കുകയായിരുന്നു. ആരോഗ്യപരിശോധനയ്ക്ക് വേണ്ടി ഡോക്ടറെ കാണാനുണ്ടെന്നും അതിനാൽ ഞായറാഴ്ച കഴിഞ്ഞുള്ള ഏതെങ്കിലും ദിവസം പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാം എന്നുമായിരുന്നു പിസിയുടെ മറുപടി.
Also Read: മുഖ്യമന്ത്രിക്കെതിരെ പി.സി.ജോർജ്; വിഎസിനൊപ്പം നിന്നതിന്റെ ശത്രുത, പിണറായിയുടെ കൗണ്ട് ഡൗൺ തുടങ്ങി
അനന്തപുരി ഹിന്ദുമഹാ സമ്മേളത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് പി സി ജോർജിനെതിരെ ആദ്യം പൊലീസ് കേസെടുത്തത്. ഉത്തരേന്ത്യയിലെ ചില തീവ്ര നിലപാടുള്ള നേതാക്കളെ പോലും കടത്തിവെട്ടും വിധത്തിലുള്ള ജോർജിന്‍റെ പ്രസംഗം വൻ വിവാദത്തിലായിരുന്നു. 153 എ, 295 എ എന്നീ വകുപ്പുകൾ ചുമത്തി ജോര്‍ജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിരിക്കെയാണ് പി സി ജോർജ് വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയത്.
വിദ്വേഷം പരത്തുന്ന വാക്കുകൾ ഉപയോഗിച്ച് സാമൂഹിക ഐക്യം തകർക്കാനും മനഃപൂർവ്വം സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചതിനുമാണ് 153 എ വകുപ്പ് ചുമത്തിയത്. വാക്കും പ്രവൃത്തിയും കൊണ്ട് ഒരു മതത്തെയോ മതവികാരത്തെയും വ്രണപ്പെടുത്തിയതിനാണ് സെക്ഷൻ 295 എ യും ചുമത്തിയത്. കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചിരുന്നുവെങ്കിലും പാലാരിവട്ടത്ത് വീണ്ടും സമാനമായ രീതിയില്‍ വിദ്വേഷ പ്രസംഗം നടത്തി. തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി കോടതി അംഗീകരിച്ചതോടെ പിസി ജോര്‍ജിനെ ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
Also Read: 'പി സി ജോര്‍ജ് ഒരു പ്രസക്തിയും ഇല്ലാത്ത നേതാവ്'; ബിജെപിക്ക് ഗുണമുണ്ടാകില്ലെന്ന് വെള്ളാപ്പള്ളി
