അലഹാബാദ്: ഹാഥ്റസ് സംഭവത്തിൽ ഉത്തര്‍പ്രദേശ് പൊലീസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി അലഹാബാദ് ഹൈക്കോടതി. നിങ്ങളുടെ മകളായിരുന്നെങ്കിൽ ഇതുപോലെ ചെയ്യുമോ എന്ന് കോടതി ചോദിച്ചു. കേസിന്‍റെ വിചാരണ ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റണമെന്ന കുടുംബം ആവശ്യപ്പെട്ടു. അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാൻ കേരള പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതി നിര്‍ദ്ദേശം നൽകി.

ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ കനത്ത സുരക്ഷാവലയത്തിലാണ് ഹാഥ്റസ് പെണ്‍കുട്ടിയുടെ കുടുംബത്തെ പൊലീസ് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിൽ എത്തിച്ചത്. ബന്ധുക്കളോട് ചോദിക്കാതെയാണ് മൃതദേഹം പൊലീസ് സംസ്കരിച്ചതെന്ന് കുടുംബാംഗങ്ങൾ കോടതിയെ അറിയിച്ചു. അസാധാരണ സാഹചര്യത്തിലായിരുന്നു അതെന്ന് പൊലീസ് പറഞ്ഞപ്പോഴാണ് കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. നിങ്ങളുടെ മകളാണെങ്കിൽ ഇതുപോലെ ചെയ്യുമോ, ഒരു സമ്പന്നന്‍റെ മകളായിരുന്നെങ്കിൽ ഇതായിരിക്കുമോ സമീപനം തുടങ്ങിയ വിമര്‍ശനങ്ങളാണ് കോടതി നടത്തിയത്. കേസിന്‍റെ വിചാരണ ഉത്തര്‍പ്രദേശിന് പുറത്ത് മുംബൈയിലേക്കോ, ദില്ലിയിലേക്കോ മാറ്റണം എന്നതടക്കം മൂന്ന് ആവശ്യങ്ങൾ കുടുംബം മുന്നോട്ടുവെച്ചു. ഇതിലെ തീരുമാനം നവംബര്‍ 2 ലേക്ക് കോടതി മാറ്റിവെച്ചു.

ഹാഥ്റസിലേക്ക് പോകും വഴിക്ക് അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന് സിദ്ദിഖ് കാപ്പന് ജാമ്യത്തിനായി  അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാൻ കേരള പത്രപ്രവര്‍ത്തക യൂണിയനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കെ യു ഡബ്ള്യു ജെ നൽകിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളാതെ നിലനിര്‍ത്തായാണ് ഹൈക്കോടതിയിൽ ജാമ്യ ഹര്‍ജി നൽകാനുള്ള സുപ്രീംകോടതി നിര്‍ദ്ദേശം.

യുഎപിഎ അടക്കം ചുമത്തിയതിനാൽ ആറോ ഏഴോ വര്‍ഷം ജയിലിൽ കിടക്കേണ്ടിവരുമെന്നും യുപിയിൽ വര്‍ഷങ്ങളോളം ജാമ്യം കിട്ടാത്ത സ്ഥിതിയുണ്ടെന്നും പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി കപിൽ സിബൽ വാദിച്ചു. അത്തരം സാഹചര്യം ഉണ്ടായാൽ സുപ്രീംകോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകി.