പിക്കപ്പ് വാനിൽ കൊണ്ടുപോയ വൈക്കോൽ കെട്ട് വൈദ്യുത ലൈനിൽ തട്ടി കത്തി നശിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്

കൊല്ലം: പിക്കപ്പ് വാനിൽ കൊണ്ടുപോയ വൈക്കോൽ കെട്ട് വൈദ്യുത ലൈനിൽ തട്ടി കത്തി നശിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. തിങ്കളാഴ്ച രാവിലെ 10.30-ന് മൈനാഗപ്പള്ളി കുമ്പള ഉന്നതിക്ക് സമീപമായിരുന്നു സംഭവം. ഉന്നതി ഭാഗത്തുനിന്ന് ചുരുളുകളാക്കിയ വൈക്കോൽ കെട്ടുകൾ പൊക്കത്തിൽ അടുക്കി വാഹനം കുറ്റിയിൽ മുക്കിലേക്ക് വരികയായിരുന്നു. താഴ്ന്നു കിടന്ന വൈദ്യുതി ലൈൻ തട്ടിയതോടെ വൈക്കോലിലേക്ക് തീ പടർന്നു. നന്നായ് ഉണങ്ങിയ വൈക്കോലായതിനാൽ തീ ആളിപ്പടർന്നു. ശബ്ദം കേട്ട് ഡ്രൈവർ വടക്കൻ മൈനാഗപ്പള്ളി സ്വദേശി സുരേന്ദ്രൻ പെട്ടെന്ന് വാഹനം നിർത്തി വൈക്കോൽ ചുരുളുകൾ പുറത്തേക്ക് വലിച്ചിട്ടു. നാട്ടുകാരും രക്ഷാപ്രവർത്തനങ്ങൾക്കായി ഓടിയെത്തി.

വലിച്ചെറിഞ്ഞ വൈക്കോലിൽ നിന്ന് പാതയോരത്തേക്കും ചെറിയതോതിൽ തീ പടർന്നു. സംഭവം അറിഞ്ഞ് ശാസ്താംകോട്ടയിൽ നിന്നും കരുനാഗപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തി ഏറെ പ്രയാസപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവസ്ഥലത്തേക്ക് വലിയ വാഹനം എത്തിച്ചേരാൻ കഴിയാതിരുന്നത് രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചു. വാഹനത്തിലുണ്ടായിരുന്ന വൈക്കോൽ കെട്ടുകൾ പൂർണമായി കത്തിയമർന്നെങ്കിലും പിക്കപ് വാനിലേക്ക് തീ പടർന്നിരുന്നില്ല. ശാസ്താംകോട്ട ഗ്രേഡ് സ്റ്റേഷൻ ഓഫീസർ രമേശ്‌ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

YouTube video player