ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വനിത ശിശുവികസന വകുപ്പ് ഡയറക്ടറോടാണ് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്.
കൊല്ലം: കൊല്ലത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യ-വിദ്യാഭ്യാസ മന്ത്രിമാര്‍. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥർ കുട്ടിയെ സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ വനിത ശിശുവികസന മന്ത്രി വീണ ജോർജും നിർദേശം നൽകി.
ഹോം വർക്ക് ചെയ്തില്ലെന്ന് ആരോപിച്ചാണ് ആറാം ക്ലാസുകാരനെ ട്യൂഷൻ ക്ലാസിലെ അധ്യാകനായ റിയാസ് മർദ്ദിച്ചത്. പട്ടത്താനത്തുള്ള അക്കാദമി ട്യൂഷൻ സെന്‍ററിൽ വെച്ചാണ് കുട്ടിയെ മർദ്ദിച്ചത്. ട്യൂഷൻ സെൻ്ററിന്റെ നടത്തിപ്പുകാരനാണ് റിയാസ്. ഇന്നലെ വൈകിട്ട് കുട്ടി ട്യൂഷൻ ക്ലാസിലെത്തിയപ്പോഴാണ് റിയാസ് വടി കൊണ്ട് അടിച്ചത്. കഴിഞ്ഞ ദിവസം അധ്യാപകൻ കുട്ടികൾക്ക് ഹോം വർക്ക് നൽകിയിരുന്നു. ഇന്നലെ ഇത് പരിശോധിച്ചു. ആദ്യ ഘട്ടത്തിൽ കുട്ടി ഹോം വർക്ക് ചെയ്തെന്നാണ് പറഞ്ഞത്. എന്നാൽ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് മർദ്ദിച്ചതെന്ന് ആറാം ക്ലാസുകാരൻ പറഞ്ഞു. കുട്ടി കള്ളം പറഞ്ഞത് കൊണ്ടാണ് അടിച്ചതെന്നാണ് റിയാസ് രക്ഷിതാക്കളോടും പറഞ്ഞത്. കുട്ടിയുടെ കാലിലും തുടയിനുമടക്കം അടികൊണ്ട പടുകളുണ്ട്.
ഇന്നലെ തന്നെ കുട്ടിയെ കൊല്ലത്തെ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ആശുപത്രി അധികൃതരാണ് ആദ്യം ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിയുടെ അമ്മയും പരാതി നൽകി. ചൈൽഡ് ലൈന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം പരാതി കൊല്ലം ഈസ്റ്റ് പൊലീസിന് കൈമാറി. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. റിയാസ് ഒളിവിലാണ്.
Also Read: ഫോണ്‍ ചോര്‍ത്തല്‍ വിവാദം; 'ഭീഷണി സന്ദേശങ്ങള്‍ തെറ്റായ മുന്നറിയിപ്പുകളാകാം' വിശദീകരണവുമായി ആപ്പിള്‍
