തിരുവനന്തപുരം: ആറ് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. ഈ മാസം 31 വരെ പ്രൊഫഷണൽ കോളേജുകളും സിബിഎസ്ഇ സ്കൂളുകളും അടക്കമുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുമെന്ന് സർക്കാർ അറിയിച്ചു. 

എന്നാല്‍ 8,9,10 ക്ലാസുകളിലെ പരീക്ഷകൾ അതീവ ജാ​ഗ്രതയോടെ നടത്തും. പരീക്ഷകള്‍ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ആരോ​ഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

നിർദ്ദേശങ്ങൾ

1. പരീക്ഷയ്ക്ക് കുട്ടികളെ ക്രമീകരിക്കുമ്പോള്‍ ഒരു ബഞ്ചില്‍ പരമാവധി രണ്ടു പേര്‍ എന്ന രീതിയില്‍ ഇരുത്തണം.

2. കുടിവെള്ളം കൊണ്ടുവന്ന കുപ്പി, ഗ്ലാസ്, സ്‌കെയില്‍, റബര്‍, പേന തുടങ്ങിയവ കുട്ടികള്‍ തമ്മില്‍ പങ്കുവയ്ക്കാന്‍ അനുവദിക്കരുത്.

3. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികളെ പ്രത്യേക മുറിയില്‍ ഇരുത്തി പരീക്ഷ എഴുതിക്കണം. കഴിവതും രോഗലക്ഷണമുള്ള കുട്ടികളെ ഒരു ബഞ്ചില്‍ ഒരാള്‍ വീതം ഇരുത്തുക.

4. കുട്ടികള്‍ കഴിവതും കൂട്ടംകൂടി നില്‍ക്കാതെ ശ്രദ്ധിക്കണം. പരീക്ഷ കഴിഞ്ഞാലുടന്‍ വീടുകളിലേക്ക് പോകണം.

5. ശ്വാസകോശ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ല.

6. ക്ലാസ് മുറികളുടെ ജനലുകളും കതകുകളും വായു സഞ്ചാരം ഉറപ്പു വരുത്തുന്ന രീതിയില്‍ തുറന്നിടണം.

അതേസമയം, സുരക്ഷാമുന്‍കരുതലുകള്‍ കണക്കിലെടുത്ത് പിഎസ്‍സി പരീക്ഷകളും മാറ്റിവെച്ചു. കായിക ക്ഷമതാപരീക്ഷ ഉള്‍പ്പെടെയുള്ള പിഎസ്‍സി പരീക്ഷകളാണ് മാറ്റിയത്. ഇതോടൊപ്പം സര്‍ട്ടിഫിക്കറ്റ് പരിശോധനയും സര്‍വ്വീസ് പരിശോധനയും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Read Also: മാരകവൈറസിനെതിരെ കടുംവെട്ടുമായി സര്‍ക്കാര്‍; അസാധാരണ നിയന്ത്രണങ്ങളിലേക്ക് കേരളം

 

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക