ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവർ എത്രയും വേഗം ഡോക്ടറെ കാണണമെന്നും നിർദേശമുണ്ട്.  കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.

കൊച്ചി : ബ്രഹ്‌മപുരം തീപിടിത്തത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വീടുകളിലെത്തി സർവ്വേ നടത്താൻ ആരോഗ്യവകുപ്പ്. ആരോഗ്യ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തി സർവ്വേ നടത്തും. പുക ശ്വസിച്ചതിനെത്തുടർന്നുള്ള രോഗലക്ഷണങ്ങൾ ഉള്ളവർക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കലാണ് ലക്ഷ്യം. ആശുപത്രികളിൽ മതിയായ സൗകര്യം ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവർ എത്രയും വേഗം ഡോക്ടറെ കാണണമെന്നും നിർദേശമുണ്ട്. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ഒരാഴ്ചയിലധികം നീണ്ടുനിന്ന വിഷപ്പുക ജനങ്ങളിലുണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളുടെ വ്യക്തമായ ചിത്രം സർവ്വേയിലറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 

ബ്രഹ്മപുരത്തെ വിഷപ്പുക ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഐ.എം.എ

ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്നുള്ള പുക ജനങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) കൊച്ചി ഘടകം പ്രസ്താവനയിലൂടെ അറിയിച്ചു. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ലെങ്കിലും പുകയുടെ തോതും ദൈര്‍ഘ്യവും എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുന്നുവോ അത്രയും ഭാവി സുരക്ഷിതമാകും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള ശാശ്വത നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.

'എത്ര നാൾ പുക സഹിക്കണം'? ബ്രഹ്മപുരത്ത് ഹൈക്കോടതി നിരീക്ഷണസമിതി രൂപീകരിച്ചു

ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റില്‍ വന്‍ തോതില്‍ നിക്ഷേപിച്ചിട്ടുള്ള പല ഇനം പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോള്‍ പുകയ്‌ക്കൊപ്പം ആരോഗത്തിന് ഹാനികരമാകുന്ന വിധത്തിലുള്ള നിരവധി വാതകങ്ങളും ഇതില്‍ നിന്നും പുറത്തേയ്ക്ക് വമിക്കുന്നുണ്ട്. ഇവ അന്തരീക്ഷത്തില്‍ ലയിച്ച് ഏറെ ദുരം വരെ സാന്നിധ്യം അനുഭവപ്പെടുന്ന സാഹചര്യമുണ്ട്. പ്ലാന്റിന്റെ സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ പുക ശ്വസിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചുമ, ശ്വാസം മുട്ട്, കണ്ണുനീറ്റല്‍, ഛര്‍ദ്ദി, ക്ഷീണം, കയ്പ്പുരസം, തലവേദന മുതലായ ലക്ഷണങ്ങളോടെ സമീപവാസികള്‍ ചികില്‍സ തേടുന്നുണ്ടെങ്കിലും ഇവരിൽ മിക്കവർക്കും തന്നെ ആശുപത്രി അഡ്മിഷൻ വേണ്ടി വന്നിട്ടില്ല. അതേ സമയം, ആസ്തമ, സിഒപിഡി പോലുള്ള ശ്വാസകോശ രോഗം ഉളള ചില രോഗികൾ പുക ശ്വസിക്കുന്നതുമൂലം സ്ഥിതി വഷളാകുന്ന സാഹചര്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റാകുന്നുണ്ട്.