ഇന്നും ഈ റൂട്ടില്‍ ബസ് സര്‍വീസ് നിലച്ചിരിക്കുകയാണ്.

തൃശൂര്‍: മരണപാതയായി മാറിയ തൃശൂര്‍ - കാഞ്ഞാണി - വാടാനപ്പിള്ളി റോഡില്‍ നാട്ടുകാരുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് ഇന്നും ബസ്സോട്ടം നിലച്ചു. ബുധനാഴ്ച രാത്രി ഗട്ടറില്‍ വീണ് ടയര്‍പൊട്ടിയ ബസ് നിയന്ത്രണം വിട്ട് വഴിയാത്രക്കാരനെ ഇടിച്ചിരുന്നു. ഇയാള്‍ പിന്നീട് മരിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു. റോഡ് ഉപരോധിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഇതോടെ ഇന്നലെ രാവിലെ മുതല്‍ ബസ് ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. ഉച്ചയോടെ എഡിഎം സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയശേഷമാണ് പ്രതിഷേധത്തിന് അയവ് വന്നത്. എങ്കിലും ബസുകള്‍ ഓടിയിരുന്നില്ല. ഇതോടെ വിദ്യാര്‍ത്ഥികളടക്കം ഈ റൂട്ടിലെ യാത്രക്കാരെല്ലാം വൈകീട്ടോടെ ദുരിതത്തിലായി.

മനക്കൊടി ചാലിശേരി വീട്ടില്‍ പീറ്റര്‍ (52) ആണ് ബുധനാഴ്ച രാത്രി അപകടത്തില്‍ മരിച്ചത്. വ്യാപാരിയായ പീറ്റര്‍ വീട്ടിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ തൃശൂര്‍ - ചെന്ത്രാപ്പിന്നി റൂട്ടിലോടുന്ന ബട്ടര്‍ഫ്ളൈ എന്ന ബസ് ഇടിച്ച് വീഴ്ത്തുകയായിരുന്നു. ടയര്‍ പൊട്ടിയതിനെ തുടര്‍ന്നാണ് ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടത്. സമീപത്തെ വീടിന്‍റെ മതിലില്‍ ഇടിച്ചാണ് ബസ് നിന്നത്. വീട്ടുടമസ്ഥനായ ഡോ.രാജന്‍റെ നേതൃത്വത്തില്‍ നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും ചേര്‍ന്ന് പീറ്ററിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇന്നും ഈ റൂട്ടില്‍ ബസ് സര്‍വീസ് നിലച്ചിരിക്കുകയാണ്. തൃശൂരില്‍ നിന്ന് കാഞ്ഞാണി വഴി തൃപ്രയാര്‍, വാടാനപ്പിള്ളി, പാവറട്ടി, ചാവക്കാട്, ഗുരുവായൂര്‍ മേഖലകളിലേക്ക് നിരവധി സര്‍വീസുകളാണ് ഈ റൂട്ടിലുള്ളത്. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി റോഡില്‍ റീ ടാറിങ് നടന്നിട്ടില്ല. കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ അപകടങ്ങളും മരണങ്ങളും പെരുകുമ്പോഴും അധികൃതര്‍ക്ക് അനക്കമില്ല. ഒരു വര്‍ഷത്തിനിടെ എട്ട് പേരുടെ ജീവനാണ് റോഡിലെ കുഴികളില്‍ വീണ് പൊലിഞ്ഞത്.

നാട്ടുകാര്‍ സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ നിരവധി തവണ ശക്തമായ പ്രക്ഷോഭം നടത്തിയിട്ടും ഫലമുണ്ടായില്ല. പീറ്ററിന്‍റെ മരണത്തെ തുടര്‍ന്ന് മൂന്നര മണിക്കൂറോളം നാട്ടുകാര്‍ റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി. എ ഡി എം ലതിക സ്ഥലത്തെത്തി അറ്റകുറ്റപണികള്‍ വേഗത്തില്‍ നടത്താമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു.

അതിനിടെ, റോഡിലെ കുഴികള്‍ അടച്ച് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 18 മുതല്‍ തൃശൂര്‍ കാഞ്ഞാണി വാടാനപ്പിള്ളി റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാര്‍ അനിശ്ചതികാല സമരം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടെ റോഡുകളിലെ കുഴികളില്‍ വീണുണ്ടായ അപകടങ്ങളില്‍ ആറ് പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. പുഴയ്ക്കലില്‍ ബസിടിച്ച് ഇന്നലെ വൈകീട്ട് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചിരുന്നു. പുഴയ്ക്കല്‍ ആമ്പക്കാട് സ്വദേശിനി കാഞ്ഞിരപറമ്പില്‍ ഉണ്ണികൃഷ്ണന്‍റെ മകള്‍ കൃഷ്‌ണേന്ദുവാണ് (18) ഇന്നലെ മരിച്ചത്. ബസിനടിയില്‍പ്പെട്ട ഇവരുടെ ദേഹത്ത് ചക്രം കയറിയിറങ്ങുകയായിരുന്നു. അപകട സ്ഥലത്തിന് തൊട്ടപ്പുറത്തുള്ള ടൂവീലര്‍ ഷോറൂമില്‍ നിന്ന് സര്‍വീസ് കഴിഞ്ഞ സ്‌കൂട്ടറുമായി വീട്ടിലേക്ക് പോവുകയായിരുന്നു കൃഷ്‌ണേന്ദു.