പൊലീസുകാര്‍ അടക്കമുള്ള കൊവിഡ് മുന്നണി പോരാളികൾ ആവശ്യപ്പെട്ടാലും അവര്‍ക്ക് കൊവി ഷിൽഡ് വാക്സിൻ നൽകില്ല. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഷിൽഡും ബാക്കിയുള്ളവര്‍ക്ക് കൊവാക്സിനും എന്നാണ് നിലവിലെ തീരുമാനം.
തിരുവനന്തപുരം: കേരളത്തിൽ ഇന്ത്യൻ നിര്‍മ്മിത കൊവിഡ് വാക്സിനായ കൊവാക്സിൻ ഉപയോഗിച്ചു തുടങ്ങി. വാക്സിനേഷൻ്റെ രണ്ടാം ഘട്ടത്തിൽ കൊവിഡ് മുന്നണി പോരാളികളായ കേരള പൊലീസിനടക്കമാണ് ഭാരത് ബയോടെക്ക് - ഐസിഎംആര്‍ - പൂണെ ദേശീയ വൈറസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച കൊവാക്സിൻ നൽകി തുടങ്ങിയത്. ഇന്നലെ മുതൽ പൊലീസുകാര്‍ക്ക് വാക്സിൻ നൽകി തുടങ്ങിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
സമ്മത പത്രം വാങ്ങിയാണ് കൊവിഡ് മുന്നണി പോരാളികൾക്ക് കൊവാക്സിൻ നൽകുന്നത്. മുന്നണി പോരാളികൾ ആവശ്യപ്പെട്ടാലും കോവി ഷീൽഡ് വാക്സിൻ നൽകില്ല. എന്നാൽ ആരോഗ്യ പ്രവർത്തകർക്ക് കോവി ഷീൽഡ് വാക്സിൻ തന്നെയാവും നൽകുക. മൂന്നാം ഘട്ട പരീക്ഷണം കഴിയാത്തതിനാൽ കോവാക്സിൻ നൽകേണ്ട എന്നായിരുന്നു നേരത്തെ തീരുമാനം. പക്ഷേ കൊവാക്സിൻ വാക്സിൻ്റെ കൂടുതൽ ഡോസുകൾ വരും ദിവസങ്ങളിൽ കേരളത്തിൽ എത്തുന്ന സാഹചര്യത്തിൽ അതു കൊടുത്തു തീർക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുകയായിരുന്നു.
നിലവിൽ വാക്സിൻ പരീക്ഷണത്തിൻ്റെ മൂന്നാം ഘട്ടത്തിലാണ് കൊവാക്സിൻ ഈ മാസത്തോടെ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രിട്ടണിലെ ഓക്സ്ഫര്‍ഡ് സര്‍വ്വകലാശാലയും പൂനൈ സെറം ഇൻസ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷിൽഡ് വാക്സിനും ഭാരത് ബയോടെക്കിന്റെ കൊവാക്സിനുമാണ് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നൽകിയിട്ടുള്ളത്.
