കെ.എംഎസ് സി എൽ രൂപീകൃതമാവുന്നതിനും മുൻപുള്ള ഫയലുകളെന്നാണ് ഇപ്പോഴും സർക്കാർ ആവർത്തിക്കുന്നത്.  2001 യുഡിഎഫ് കാലത്തേ അടക്കം ഫയലുകൾ ഇതിലുണ്ടെന്നാണ് അനൗദ്യോഗിക വിവരം.

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ആസ്ഥാനത്തെ (directorate of health service)ഫയലുകൾ കാണാതായ സംഭവത്തിൽ (fiel missing issue)വിശദമായ ആഭ്യന്തര അന്വേഷണത്തിന് (internal inquiry)സർക്കാർ. വകുപ്പിലെ വിജിലൻസ് വിഭാഗമാകും അന്വേഷണം നടത്തുക. നഷ്ടമായത് കെ എം എസ് സി എൽ രൂപീകൃതമാകുന്നതിനും ഏറെ മുൻപുള്ള ഫയലുകളാണെന്ന നിലപാടിലും കണ്ടെത്തലിലുമാണ് ഇപ്പോഴും സർക്കാർ.

ആരോ​ഗ്യവകുപ്പ് ഡയറക്ടർ ഓഫീസിൽ നിന്നും ഫയലുകൾ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണത്തിനുള്ള പരിമിതി നേരത്തെതന്നെ ആരോ​ഗ്യ വകുപ്പിനെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് വിശദമായ ആഭ്യന്തര അന്വേഷണം. വിജിലൻസ് വിഭാഗമാകും അന്വേഷിക്കുക. ഫയലുകളിലെ ഉള്ളടക്കം, നഷ്ടമായത് ഏതൊക്കെ ഫയലുകൾ, വീഴ്ച്ച എന്നിവയായിരിക്കും പരിശോധിക്കുക. പ്രാഥമികാന്വേഷണത്തിൽ, പുതിയ ഫയലുകളൊന്നും നഷ്ടമായില്ലെന്ന നിഗമനത്തിലാണ് വകുപ്പ്. 

 കെ.എംഎസ് സി എൽ രൂപീകൃതമാവുന്നതിനും മുൻപുള്ള ഫയലുകളെന്നാണ് ഇപ്പോഴും സർക്കാർ ആവർത്തിക്കുന്നത്. 2001 യുഡിഎഫ് കാലത്തേ അടക്കം ഫയലുകൾ ഇതിലുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ചില ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണത്തിന്റെയും നടപടിയുടെയും വിവരങ്ങൾ ഇതിലുണ്ടെന്നാണ് സൂചന. എന്നാൽ അഞ്ഞൂറോളം ഫയലുകളാണ് നഷ്ടമായതെന്ന കണക്ക് നിലനിൽക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

ഫയൽനീക്ക നടപടികളവസാനിച്ചതും, നീക്കം ചെയ്യാവുന്ന തരത്തിൽ കാലപ്പഴക്കമെത്തിയതും എന്നാണ് ഫയലുകളെ സർക്കാർ വിശദീകരിക്കുന്നത്. അതേസമയം, കേസുകൾ നിലനിൽക്കുന്നതോ, സർവ്വീസ് രേഖകളോ, വായ്പ്പ ഇടപാടുകൾ സംബന്ധിച്ചുള്ളതോ ആയ ഫയലുകളാണെങ്കിൽ ഈ വാദം നിലനിൽക്കില്ല. കെ.എം.എസ്.സി.എൽ പർച്ചേസ് കൊള്ളയുടെ പശ്ചാത്തലത്തിൽ പുറത്തുവന്ന വലിയ വീഴ്ച്ചയുടെ വിവരങ്ങൾ ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. ധനകാര്യ വിഭാ​ഗത്തിന്റെ അന്വേഷണത്തിന് ശേഷമാകും ഇക്കാര്യത്തിൽ വ്യക്തത വരിക.