സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. മുൻ വർഷത്തേക്കാൾ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്. കഴിഞ്ഞ വർഷത്തേക്കാൾ രോഗവ്യാപനമുള്ള സാഹചര്യത്തിലാണ് അതീവ ജാഗ്രത നിർദേശം നൽകുന്നത്. ഐസ് ഫാക്ടറികളിൽ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ശീതള പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസ് രോഗത്തിന് കാരണമാകുന്നുണ്ടോയെന്ന് വിദഗ്ധർക്ക് സംശയമുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും പാളിയാൽ ഡെങ്കി, എലിപ്പനി കേസുകളും കുത്തനെ ഉയർന്നേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ വർഷം ഇതുവരെ സ്ഥിരീകരിച്ച കേസുകൾ മുൻവർഷം റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണത്തെ മറികടന്നു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഷിഗെല്ല മരണം റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ ഈ വർഷം ഇതുവരെ ആറു മരണം റിപ്പോർട്ട് ചെയ്തു. ഇതിൽ അഞ്ച് മരണവും ഈ മാസമാണ് സംഭവിച്ചത്. ഈ മാസം മാത്രം 91 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കഴിഞ്ഞ ആറുമാസത്തിനിടെ സ്ഥിരീകരിച്ച കേസുകളുടെ പകുതിയും ഈ മാസമാണ് റിപ്പോർട്ട് ചെയ്തത്.

മുൻ വർഷങ്ങളിൽ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി മേഖലകളിലായിരുന്നു കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഈ വർഷം ഒട്ടുമിക്ക ജില്ലകളിലും കേസുകൾ റിപ്പോർട്ട് ചെയ്തു. മലിനമായ ഭക്ഷണവും വെള്ളവുമാണ് രോഗ വ്യാപനത്തിന് കാരണമാകുന്നതിനാൽ ഭക്ഷണവും വെള്ളവും കേന്ദ്രീകരിച്ചു പരിശോധന കർശനമാക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം. ജ്യൂസ് പോലുള്ള ശീതള പാനീയങ്ങളിൽ രോഗസാധ്യത ഉണ്ടെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടി.

എന്താണ് ഷിഗെല്ല?

പകർച്ചാ സാധ്യത വളരെ കൂടുതലുള്ള ഷിഗെല്ല, ബാക്ടീരിയ പരത്തുന്ന വയറിളക്ക രോഗമാണ്. രോഗിയുടെ മലവിസർജ്യത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കളാൽ മലിനമായ ആഹാരം, വെള്ളം, രോഗാണുക്കൾ ഉള്ള പ്രതലങ്ങൾ, രോഗി പരിചരണം എന്നിവയിലൂടെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നു. വയറിളക്കം (ചിലപ്പോള്‍ രക്തം കലര്‍ന്നത്), വയറുവേദന, പനി, ഛര്‍ദ്ദി, ക്ഷീണം എന്നിവയാണ് രോഗലക്ഷണങ്ങൾ.

ഭക്ഷണത്തിന് മുമ്പും ശൗചാലയം ഉപയോഗിച്ച ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക, ശുദ്ധമായ കുടിവെള്ളം മാത്രം ഉപയോഗിക്കുക, ഭക്ഷണം നന്നായി പാകം ചെയ്ത് കഴിക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകുക, രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഭക്ഷണം തയ്യാറാക്കുന്നത് ഒഴിവാക്കുക തുടങ്ങിയവയിലൂടെ രോഗത്തെ പ്രതിരോധിക്കാം.