Asianet News MalayalamAsianet News Malayalam

ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസവും ഉണ്ടാവാം; അങ്ങനെ വന്നാൽ ചെയ്യേണ്ടത്... നിര്‍ദേശങ്ങൾ പാലിച്ചാവാം പൊങ്കാല

ചൂട് കൂടുതലായതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നുന്നില്ലെങ്കില്‍ പോലും ഇടയ്ക്കിടയ്ക്ക് ധാരാളം വെള്ളം കുടിക്കുക

Health Minister veena george issues guidelines for Attukal Pongala amid temperature hike asd
Author
First Published Feb 23, 2024, 8:01 PM IST

തിരുവനന്തപുരം: ചൂട് വളരെ കൂടുതലായതിനാല്‍ പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ചൂട് കൂടുതലായതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നുന്നില്ലെങ്കില്‍ പോലും ഇടയ്ക്കിടയ്ക്ക് ധാരാളം വെള്ളം കുടിക്കുക. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാല്‍ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ദിശ 104, 1056, 0471 2552056 ലേക്ക് വിളിച്ച് ഡോക്ടറുടെ ഉപദേശം തേടാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

ഇനി വിലക്കില്ല! കേന്ദ്രം നിയമം മാറ്റി, കുട്ടികളില്ലാത്തവർക്ക് ആശ്വാസം; ഇനിമുതൽ ദാതാവിനോട് അണ്ഡമോ ബീജമോ വാങ്ങാം

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

· കട്ടികുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക
· നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുവാന്‍ തൊപ്പി, തുണി ഇവ കൊണ്ട് തല മറയ്ക്കുക
· ശുദ്ധ ജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കുക
· തണ്ണിമത്തന്‍ പോലെ ജലാംശം കൂടുതലുള്ള പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് നിര്‍ജലീകരണം തടയും
· ശുദ്ധമായ ജലത്തില്‍ തയാറാക്കിയ ഐസ് മാത്രം പാനീയങ്ങളില്‍ ഉപയോഗിക്കുക
· ഇടയ്ക്ക് കൈകാലുകളും മുഖവും കഴുകുക
· ഇടയ്ക്കിടെ തണലത്ത് വിശ്രമിക്കുക
· കുട്ടികളെ തീയുടെ അടുത്ത് നിര്‍ത്തരുത്. ഇടയ്ക്കിടെ കുടിക്കാന്‍ വെള്ളം നല്‍കണം
· സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ മുടക്കം വരുത്താതെ കഴിക്കുക
· കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങള്‍ കയ്യില്‍ കരുതണം

പൊള്ളല്‍ ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടത്

· തീ പിടിക്കുന്ന വിധത്തില്‍ അലസമായി വസ്ത്രങ്ങള്‍ ധരിക്കരുത്.
· ചുറ്റമുള്ള അടുപ്പുകളില്‍ നിന്നും തീ പടരാതെ സൂക്ഷിക്കണം.
· അടുപ്പിനടുത്ത് പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങള്‍ വയ്ക്കരുത്
· തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതി വയ്ക്കണം
· വസ്ത്രങ്ങളില്‍ തീപിടിച്ചാല്‍ പരിഭ്രമിച്ച് ഓടരുത്. വെള്ളം ഉപയോഗിച്ച് ഉടന്‍ തീ അണയ്ക്കുക. അടുത്തുള്ള വോളണ്ടിയര്‍മാരുടെ സഹായം തേടുക.
· തീപൊള്ളലേറ്റാല്‍ പ്രഥമ ശുശ്രൂഷ ചെയ്യണം
· പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കണം
· വസ്ത്രമുള്ള ഭാഗമാണെങ്കില്‍ വസ്ത്രം നീക്കാന്‍ ശ്രമിക്കരുത്
· പൊള്ളലേറ്റ ഭാഗത്ത് അനാവശ്യ ക്രീമുകള്‍ ഉപയോഗിക്കരുത്
· ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനം തേടുക
· പൊങ്കാലയ്ക്ക് ശേഷം വെള്ളമുപയോഗിച്ച് തീ കെടുത്തണം

ഭക്ഷണം കരുതലോടെ

· ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വൃത്തിയായി കൈകള്‍ കഴുകണം
· തുറന്നു വച്ചിരിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങി കഴിക്കരുത്.
· പഴങ്ങള്‍ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക
· മാലിന്യങ്ങള്‍ വലിച്ചെറിയരുത്. നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ മാത്രം നിക്ഷേപിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios