Asianet News MalayalamAsianet News Malayalam

Veena George : 'സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണില്ല'; അടച്ചിടല്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് വീണ ജോര്‍ജ്

ഒമിക്രോൺ വകഭേദത്തിൻ്റെ വ്യാപന ശേഷി കൂടുതലായതിനാലാണ് നിയന്ത്രണം കടുപ്പിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു മാസത്തിന് ശേഷം സംസ്ഥാനത്ത് ഇന്നലെ കൊവിഡ് രോഗികളുടെ എണ്ണം അയ്യായിരം
കടന്നു. 

Health Minister Veena George says not considering implementing a complete lockdown
Author
Palakkad, First Published Jan 8, 2022, 10:52 AM IST

പാലക്കാട്: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ (Lock Down) നടപ്പാക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് (Veena George). പൂർണ്ണമായ അടച്ചിടൽ ജനജീവിതത്തെ ബാധിക്കും. അടച്ചിടൽ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണം. വിദേശത്ത് നിന്ന് വരുന്നവർക്കുള്ള ക്വാറൻ്റീൻ മാനദണ്ഡം കേന്ദ്ര നിർദേശമനുസരിച്ചാണ് മാറ്റിയിരിക്കുന്നത്. ഒമിക്രോൺ വകഭേദത്തിൻ്റെ വ്യാപന ശേഷി കൂടുതലായതിനാലാണ് നിയന്ത്രണം കടുപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. ഒരു മാസത്തിന് ശേഷം സംസ്ഥാനത്ത് ഇന്നലെ കൊവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടന്നിരുന്നു. 

അതേസമയം ആരോ​ഗ്യ വകുപ്പിലെ ഫയലുകൾ കാണാതായ സംഭവത്തിലും വീണാ ജോര്‍ജ് വിശദീകരണം നല്‍കി. വളരെ പഴയ ഫയലുകളാണ് കാണാതായത്. കൊവിഡ് കാല ഇടപാടുമായി ബന്ധപ്പെട്ടതല്ലെന്നും കെഎംഎസ്സിഎല്‍ രൂപീകൃതമായതിന് മുമ്പുള്ള ഫയലുകളാണിതെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആരോഗ്യ വകുപ്പ് തന്നെയാണ് ഫയലുകള്‍ കാണാതായെന്ന് പൊലീസില്‍ പരാതി നല്‍കിയത്. വകുപ്പ് സഹകരിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ ഇപ്പോള്‍ ധനവകുപ്പും ആന്വേഷിക്കുന്നുണ്ട്. പരാതിയെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. ഇക്കാരണത്താലാണ് ധനവകുപ്പിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ വിപുലമായ അന്വേഷണത്തിലേക്ക് നീങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോ​ഗ്യ വകുപ്പിൽ നിന്ന് 500 ഫയലുകളാണ് കാണാതായത്.

Follow Us:
Download App:
  • android
  • ios