ദില്ലി: രാജ്യത്ത് കൊവിഡ് മരണനിരക്ക് ഒരു ശതമാനത്തിൽ താഴെ എത്തിക്കാനാണ് പരിശ്രമമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് രോഗം മാറിയവരിൽ ചിലരിൽ വിവിധ തരത്തിലുള്ള മറ്റു അസുഖങ്ങൾ കണ്ടു വരുന്നുണ്ട്. ഇതിനെ സംബന്ധിച്ച് പഠനം നടക്കുകയാണ്. ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടതിനെ കുറിച്ച് മാർഗനിർദ്ദേശം പുറത്തിറക്കും. ദ്രുത ആന്റിജെൻ പരിശോധനയിൽ നെഗറ്റീവായി പിന്നീട് രോഗലക്ഷണങ്ങൾ കാട്ടുന്നവരെ ആർടിപിസിആർ പരിശോധനയ്ക്ക് ഉറപ്പായും വിധേയമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ മരുന്ന് വിതരണത്തെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും നാളെ ചേരുന്ന വിദഗ്ധ സമിതിയോഗത്തിൽ വിലയിരുത്തും. രാജ്യത്തെ മരുന്നു നിർമ്മാതാക്കളോടും സംസ്ഥാനങ്ങളോടും ഇതു സംബന്ധിച്ച് ആശയ വിനിമയം നടത്തും. അതേ സമയം റഷ്യയുടെ കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട കാര്യത്തിൻ ആരോഗ്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. 

അതേ സമയം രാജ്യത്തെ പത്തു സംസ്ഥാനങ്ങളിലെ രോഗവ്യാപനം നിയന്ത്രിച്ചാൽ കൊവിഡിനെ അതിജീവിക്കാനാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മരണനിരക്ക് ഒരു ശതമാനത്തിന് താഴെ എത്തിക്കുകയാണ്  ലക്ഷ്യം. കൊവിഡ് പ്രതിരോധത്തിന് താഴെ തട്ടിൽ നടന്ന ചിട്ടയായ പ്രവർത്തനങ്ങൾ ഫലം കണ്ടിട്ടുണ്ട്. അതെരീതിയിൽ പ്രവർത്തനം തുടരണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞു. മഹാരാഷ്ട്ര, തമിഴ്നാട്, അന്ധ്ര ,കർണാടക, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ,പഞ്ചാബ്, ബീഹാർ,ഗുജറാത്ത്,തെലങ്കാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമാണ് യോഗത്തിൽ പങ്കെടുത്തത്. പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നതിനും രോഗികളുടെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രധാനമന്ത്രി വിലയിരുത്തി.