Asianet News MalayalamAsianet News Malayalam

കുർബാനയ്ക്കിടെ 17 കാരിക്ക് ഹൃദയാഘാതം; ജീവൻ രക്ഷിക്കാൻ കട്ടപ്പനയിൽ നിന്ന് കൊച്ചിയിലെത്തിച്ചു, കൈകോർത്ത് നാട്

ഇന്ന് രാവിലെ കട്ടപ്പന പള്ളിയിൽ കുർബാനയ്ക്കിടെയാണ് കുട്ടിക്ക് ഹൃദയാഘാതമുണ്ടായത്

Heart patient girl critical brought to kochi very fast in ambulance with people support kgn
Author
First Published Jun 1, 2023, 2:27 PM IST

കൊച്ചി: ഇടുക്കി കട്ടപ്പനയിൽ ഹൃദയാഘാതമുണ്ടായ 17കാരിയുടെ ജീവൻ രക്ഷിക്കാൻ നാട് കൈകോർത്തു. അടിയന്തിര ചികിത്സയ്ക്കായി കട്ടപ്പനയില്‍ നിന്ന് കൊച്ചിയിലേക്ക് പെൺകുട്ടിയെ എത്തിച്ചു. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നിന്ന് എറണാകുളം അമൃത ആശുപത്രിയിലേക്കാണ് എത്തിച്ചത്. മന്ത്രി റോഷി അഗസ്റ്റിന്റെ ഫെയ്സ്ബുക്കിലെ അഭ്യർത്ഥന കണ്ട നിരവധി പേരാണ് ആംബുലൻസിന് വഴിയൊരുക്കാൻ സന്നദ്ധസേനയായി കൈകോർത്ത് ഗതാഗതം നിയന്ത്രിച്ചത്. ഇവർ ആംബുലൻസിന് പോകാൻ വഴിയൊരുക്കി. മന്ത്രി റോഷി അഗസ്റ്റിനും ആംബുലൻസിനെ അനുഗമിച്ചു. കട്ടപ്പന മുതൽ കൊച്ചി ഇടപ്പള്ളി വരെ ട്രാഫിക് മുന്നറിയിപ്പുമായി പൊലീസും ദൗത്യത്തിന്റെ ഭാഗമായി.

ഇന്ന് രാവിലെ കട്ടപ്പന പള്ളിയിൽ കുർബാനയ്ക്കിടെയാണ് കുട്ടിക്ക് ഹൃദയാഘാതമുണ്ടായത്. പിന്നീട് സെന്റ് ജോൺസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് അമൃത ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദ്ദേശത്തോടെ ചികിത്സ നടത്തി. പിന്നീടാണ് ആൻ മരിയയുമായി ആംബുലൻസ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. കട്ടപ്പനയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ കാഞ്ഞാറിൽ വെച്ച് ഗതാഗതക്കുരുക്കിൽ പെട്ടിരുന്നു. എന്നാൽ പിന്നീട് വഴികളിലൊന്നും കുഴപ്പമുണ്ടായില്ല. ഓട്ടോറിക്ഷാ തൊഴിലാളികളും ചുമട്ടുതൊഴിലാളികളും നാട്ടുകാരും അടക്കം റോഡിലിറങ്ങി ആംബുലൻസിന് വഴിയൊരുക്കി. ആംബുലൻസ് കട്ടപ്പനയിൽ നിന്ന് കൊച്ചിയിലേക്കുള്ള 133 കിലോമീറ്റർ ദൂരം സഞ്ചരിച്ചത് 2 മണിക്കൂർ 39 മിനിറ്റിലാണ്. സാധാരണഗതിയിൽ 3 മണിക്കൂർ 56 മിനിറ്റ് എടുക്കുന്ന ദൂരമാണിത്. വഴിയിലുടനീളം പൊലീസ് സൗകര്യം ഒരുക്കിയതിനാൽ ഗതാഗത കുരുക്കില്ലാതെ യാത്ര സാധ്യമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

മന്ത്രി റോഷി അഗസ്റ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

URGENT ...

കട്ടപ്പനയില്‍ വച്ച് ഹൃദയാഘാതമുണ്ടായ പതിനേഴു വയസുമുള്ള ആന്‍മരിയ ജോയ് എന്ന കുട്ടിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നിന്ന് എറണാകുളം അമൃതാ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോവുകയാണ്. എത്രയും വേഗത്തില്‍ കുട്ടിയെ അമൃതയില്‍ എത്തിക്കാനാണ് ശ്രമം.

കട്ടപ്പനയില്‍ ന്ിന്ന് പുറപ്പെട്ട ആംബുലന്‍സ് ചെറുതോണി - തൊടുപുഴ - മുവാറ്റുപുഴ - വൈറ്റില വഴി അമൃത ആശുപത്രിയില്‍ എത്താനാണ് പദ്ധതി. ട്രാിക് നിയന്ത്രിച്ച് ആംബുലന്‍സിന് വഴിയൊരുക്കാന്‍ പൊലീസ് രംഗത്തുണ്ട്.

KL 06 H 9844 നമ്പരിലുള്ള കട്ടപ്പന സര്‍വീസ് ബാങ്ക് ആംബുലന്‍സിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ആംബുലന്‍സ് പോകുന്ന റൂട്ടിലെ യാത്രക്കാര്‍ ഇതൊരു അറിയിപ്പായി കണ്ട് ആംബുലന്‍സിന് വഴിയൊരുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios