മാസങ്ങളായി ശസ്ത്രക്രിയക്ക് കാത്തിരിക്കുന്ന രോഗികളുടെ അവസ്ഥ മനസ്സിലാക്കിയാണ് തന്‍റെ തീരുമാനമെന്ന് പ്രശസ്ത ഹൃദ്രോഗവിദ്ധൻ ഡോ.ജോസ് ചാക്കോ പെരിയപ്പുറം

തിരുവനന്തപുരം: ആഴ്ചയിൽ ഒരിക്കൽ ആരോഗ്യവകുപ്പിൽ സൗജന്യ ഹൃദയശസ്ത്രക്രിയ്ക്ക് സന്നദ്ധത അറിയിച്ച ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്‍റെ വാഗ്ദാനം ഏറ്റെടുത്ത് ആരോഗ്യമന്ത്രി. ഡോക്ടറെ ഫോണിൽ വിളിച്ച് എറണാകുളം ജനറൽ ആശുപത്രിയിലടക്കം സേവനത്തിനുള്ള സാധ്യതകൾ തേടി. മാസങ്ങളായി ശസ്ത്രക്രിയക്ക് കാത്തിരിക്കുന്ന രോഗികളുടെ അവസ്ഥ മനസ്സിലാക്കിയാണ് തന്‍റെ തീരുമാനമെന്ന് പ്രശസ്ത ഹൃദ്രോഗവിദ്ധൻ ഡോ.ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.

സംസ്ഥാനത്ത് ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ്ക്ക് നേതൃത്വം നൽകുകയും പ്രതിവർഷം ആയിരക്കണക്കിന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകുന്ന ഹൃദ്രോഗവിദഗ്ധനാണ് ഡോ.ജോസ് ചാക്കോ പെരിയപ്പുറം. കഴിഞ്ഞ ദിവസം ആണ് സർക്കാർ ആശുപത്രികളിൽ സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കിയാൽ ആഴ്ചയിലൊരിക്കൽ തന്‍റെ ടീം സൗജന്യ സേവനത്തിന് തയ്യാറാണെന്ന് ഫെയ്സ്ബുക്കിലൂടെ ഡോക്ടർ അറിയിച്ചത്. ഇത് കണ്ട ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഡോക്ടറെ ഫോണിൽ വിളിച്ചു.

കൊച്ചി ലിസ്സി ആശുപത്രിയിലാണ് നിലവിൽ ഡോ.ജോസ് ചാക്കോയുടെ സേവനം. എന്നാൽ സർക്കാർ ആശുപത്രികളിൽ തിരക്ക് കാരണം ഹൃദ്രോഗികൾക്ക് മാസങ്ങളാണ് കാത്തിരിക്കേണ്ടി വരുന്നത്. രണ്ട് വർഷം മുൻപെ തന്നെ ഹൃദയശസ്ത്രക്രിയ്ക്കുള്ള എല്ലാ സൗകര്യങ്ങളും എറണാകുളം ജനറൽ ആശുപത്രിയിലും ലഭ്യമാണ്. എന്നാൽ വിദഗ്ധ മെഡിക്കൽ സംഘം ഇല്ലാത്തതിനാൽ ഇവിടെയും ശസ്ത്രക്രിയ മുടങ്ങുന്നു. മാത്രമല്ല കൊവിഡിന് ശേഷം ഹൃദ്രോഗസംബന്ധമായി രോഗികളുടെ എണ്ണത്തിലും വലിയ വർധനവുണ്ട്. ഈ സാഹചര്യത്തിലാണ് ഡോ.ജോസ് ചാക്കോയുടെ മനസ്സിൽ ഈ ആശയം എത്തിയത്.

ആരോഗ്യമന്ത്രിയുമായി നേരിട്ടുള്ള കൂടിക്കാഴ്ചയിൽ സൗജന്യസേവനത്തിനുള്ള പൂർണ്ണ രൂപം തയ്യാറാക്കി എത്രയും വേഗം മുന്നോട്ട് പോകാനാണ് ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറത്തിന്‍റെ തീരുമാനം.

ലാലിയുടെ ഹൃദയവുമായി ലീനയ്ക്ക് മടക്കം; ആശുപത്രി വിടുന്നത് 23 ദിവസത്തെ ചികിത്സയ്ക്ക് ശേഷം

YouTube video player