സംസ്ഥാനത്ത് പലയിടത്തും ഇന്നലെ രാത്രി തുടങ്ങിയ മഴ തോരാതെ തുടരുകയാണ്. ഇടമലയാറിലെ വനമേഖലയിൽ കനത്ത മഴയാണ് പെയ്യുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കേരളത്തിൽ ഇടമലയാറിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. തിരുവനന്തപുരം - ചെങ്കോട്ട ദേശീയ പാതയിലും, കോഴിക്കോട് താമരശ്ശേരി ചുരത്തിലും മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലടക്കം വെള്ളം കയറി. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കുമെന്നും ഇതിൻ്റെ ഫലമായി സംസ്ഥാനത്ത് കനത്ത മഴ തുടര്‍ന്നേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പലയിടത്തും ഇന്നലെ രാത്രി തുടങ്ങിയ മഴ തോരാതെ തുടരുകയാണ്. ഇടമലയാറിലെ വനമേഖലയിൽ കനത്ത മഴയാണ് പെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 266 മില്ലിമീറ്റർ മഴ പെയ്തെന്നാണ് കണക്ക്. ശക്തി കുറഞ്ഞെങ്കിലും നിർത്താതെ പെയ്യുന്ന മഴ ജനജീവിതം ദുസ്സഹമാക്കി.
പുലർച്ചെ മൂന്നരയോടെ തിരുവനന്തപുരം - ചെങ്കോട്ട ദേശീയ പാതയിൽ ചുള്ളിമാനൂർ - വഞ്ചുവത്ത് മണ്ണിടിഞ്ഞ് വീണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. രണ്ട് മണിക്കൂറോളം പണിപ്പെട്ടാണ് മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിച്ചത്. 12 ആളുകൾ അടങ്ങുന്ന മൂന്ന് കുടുംബങ്ങൾ അപകടാവസ്ഥയിലിള്ള സ്ഥലത്താണ് കഴിയുന്നത്. നഗരത്തിലെയും ഗ്രാമങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി.
വെള്ളറട കുടപ്പനമൂട്ടിൽ റോഡിന്റെ ഭിത്തിതകർന്ന് നിർമാണിത്തിലിരിക്കുന്ന വീട്ടിലേക്ക് വീണു. നെയ്യാറ്റിൻകരയിൽ പലയിടത്തും കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. മലയോര മേഖലകളിൽ മഴ നിലയ്ക്കാത്തത് ആശങ്കകൾ ഉയർത്തുന്നുണ്ട്. നെയ്യാർ- പേപ്പാറ ഡാമുകളുടെ ഷട്ടർ ഉയർത്തിയതിനാൽ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. വയനാട് താമരശ്ശേരി ചുരത്തിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ലക്കിടി കവാടത്തിൻ്റെ സമീപത്ത് മണ്ണിടിച്ചിൽ മൂലമുണ്ടായ ഗതാഗത തടസ്സം നീക്കാൻ ഏറെ സമയമെടുത്തു. മണ്ണിടിച്ചിൽ കാരണം താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
