Asianet News MalayalamAsianet News Malayalam

തെക്കൻ ജില്ലകളിലെ മലയോര മേഖലയിൽ കനത്ത മഴ, മലവെള്ളപ്പാച്ചിലിൽ ഒരു മരണം, നാളെയും തീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം, കൊല്ലം,പത്തംനതിട്ട,ഇടുക്കി, കോട്ടയം ജില്ലകളുടെ കിഴക്കൻ ഭാഗത്ത് കനത്ത മഴയാണ് പെയ്യുന്നത്. പലയിടത്തും ഉരുൾപൊട്ടൽ റിപ്പോര്‍ട്ട് ചെയ്തു. 

Heavy rain in southern part of Kerala
Author
തിരുവനന്തപുരം, First Published Jul 31, 2022, 7:56 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമഴ തുടരുന്നു. കിഴക്കൻ മേഖലയിലാണ് കാര്യമായി മഴ ലഭിക്കുന്നത്. കൊല്ലം കുംഭവുരുട്ടി വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിൽ ഒരാൾ മരിച്ചു. അഞ്ചു പേരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. കല്ലാർ മീൻമുട്ടിയിലും സഞ്ചാരികൾ കുടുങ്ങി. സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി ഉണ്ടാവുന്ന കനത്ത മഴയിൽ മിന്നൽ പ്രളയത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം,പത്തംനതിട്ട,ഇടുക്കി, കോട്ടയം ജില്ലകളുടെ കിഴക്കൻ ഭാഗത്ത് കനത്ത മഴയാണ് പെയ്യുന്നത്. പലയിടത്തും ഉരുൾപൊട്ടൽ റിപ്പോര്‍ട്ട് ചെയ്തു. 

സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇതോടനുബന്ധിച്ച് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലെർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെ മഞ്ഞ അലെർട്ടാണ്. 

തിരുവനന്തപുരത്തിൻ്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. വിതുരയിൽ കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. മങ്കിയാർ കരകവിഞ്ഞ് ഒഴുകിയതോടെ പ്രദേശത്തെ പലവീടുകളിലും വെള്ളം കയറി. കനത്ത മഴയിൽ ജലനിരപ്പ് ഉയര്‍ന്നതോടെ കല്ലാര്‍ മീൻമുട്ടിയിൽ വിനോദസഞ്ചാരികൾ കുടുങ്ങി. ഇവരെ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നു രക്ഷപ്പെടുത്തി. 

കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം കാണുന്നതിനായി പോയ രണ്ട് വണ്ടിയിലായി പോയ ആറ് സ്ത്രീകളും ഒരു കുട്ടിയും അടങ്ങുന്ന ഒൻപത് അംഗ സംഘമാണ്  ‍കല്ലാര്‍ നദിക്ക് അപ്പുറം കുടങ്ങിയത്. ചപ്പാത്തിൽ വെള്ളം കുറയുന്നതിന് അനുസൃതമായി  ഇവരുടെ വണ്ടി തിരികെ കൊണ്ടു വരാൻ കഴിയും എന്ന് പൊലീസ് അറിയിച്ചു. ഇവരെ തത്കാലം സമീപത്തെ വീടുകളിലേക്ക് എത്തിച്ചു.

വിതുര വില്ലേജിൽ കല്ലാറിന് സമീപം എത്തിയ സഞ്ചാരികളായ യുവാക്കൾ പാറക്കൂട്ടങ്ങൾക്ക് മുകളിൽ കുടുങ്ങി. ഇവരെ വിതുര സ്റ്റേഷനിലെ പൊലീസുകാര്‍ എത്തി രക്ഷപ്പെടുത്തി. തിരുവനന്തപുരം ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്നു പ്രവർത്തിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു. മഴയെ തുടര്‍ന്ന് നെയ്യാർ ഡാം ഷട്ടറുകൾ 5 സെന്റീമീറ്റർ ആയി ഉയർത്തി.  കനത്ത മഴയെ തുടർന്ന് രാത്രി 7 30 ഓടെയാണ് 2.5 സെന്റീമീറ്റർ വീതം നാലു ഷട്ടറുകളും ഉയർത്തിയത്. നെയ്യാറിന്റെ ഇരു കരകളിലും  ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഇന്ന് വൈകിട്ട് കൊല്ലം ആര്യങ്കാവ്  അച്ചൻകോവിലാറിലെ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും ഒരാൾക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. വെള്ളച്ചാട്ടം കാണാനെത്തിയ തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. 

വനത്തിൽ ഉരുൾപൊട്ടിയതിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ സഞ്ചാരികൾ അപകടത്തിൽപ്പെട്ടത്. തമിഴ്നാട് മധുരൈ സ്വദേശിയായ കുമാരനാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട ഈറോഡ് സ്വദേശയായ കിഷോറിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. അപകടത്തിൻ്റെ പശ്ചാത്തലത്തിൽ അച്ചൻകോവിലാറിൽ വിനോദസഞ്ചാരികൾ ഇറങ്ങുന്നത് വിലക്കി വനംവകുപ്പ്  ഉത്തരവിറക്കി. 

പത്തനംതിട്ടയുടെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. നദികളിലും, അണക്കെട്ടുകളിലും നിലവിൽ ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ല. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. മേലുകാവ് , മൂന്നിലവ് പഞ്ചായത്തുകളിൽ മഴ ശക്തമായി തുടരുന്നു. എരുമേലി സംസ്ഥാന പാതയിൽ കരിനിലത്ത് തോട് കര കവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. മൂന്നിലവ് ടൗണിന് സമീപത്തെ തോട് നിറഞ്ഞ് ടൗണിൽ വെള്ളം കയറി. എന്നാൽ കാര്യമായ നാശനഷ്ടങ്ങളില്ല. കോട്ടയം  ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട് ആണ്.  

കനത്ത മഴയെ തുടര്‍ന്ന്  കാഞ്ഞിരപ്പുഴ ഡാമിൻ്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ ഉയർത്തും. സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന അറിയിപ്പിനെ തുടർന്ന് മുൻകരുതൽ എന്ന നിലയിലാണ് ഷട്ടർ ഉയർത്തുന്നത്. രാവിലെ 11 മണിക്ക് 3 ഷട്ടറുകൾ ഇരുപത് സെമീ വീതം ഉയർത്തി വെള്ളം ഒഴുക്കും. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാൻ വേണ്ടിയാണിത്. 

വരും ദിവസങ്ങളിലെ മഴ സാധ്യത...

ഇന്ന്  തിരുവനന്തപുരം മുതൽ മലപ്പുറം വരെ 12 ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.  കോഴിക്കോട് , വയനാട് , എന്നീ ജില്ലകളിൽ മാത്രമാണ് മഴ സാധ്യതയില്ലാത്തത്. 

നാളെ (തിങ്കളാഴ്ത) ഏഴ് ജില്ലകളിൽ തീവ്രമഴ സാധ്യത മുൻനിര്‍ത്തി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി വരെയുള്ള ജില്ലകളിലാണ് തീവ്രമഴ പെയ്യുമെന്ന മുന്നറിയിപ്പുള്ളത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിങ്ങനെ 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. 

ചൊവ്വാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ തൃശ്ശൂര്‍ വരെയുള്ള എട്ട് ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലര്‍ട്ടായിരിക്കും. അതിൽ തന്നെ തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളില്‍ അതിതീവ്രമഴയ്ക്കും സാധ്യതയുണ്ട്. തെക്കൻ ജില്ലകളിൽ പ്രത്യേക ജാഗ്രത വേണമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. 

ബുധനാഴ്ച 12 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ്. പത്തംതിട്ട,ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ അതിതീവ്രമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. കണ്ണൂര്‍,കാസര്‍കോട് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios