Asianet News MalayalamAsianet News Malayalam

ബുധനാഴ്ച വരെ കനത്ത മഴ തുടരും, ഇന്ന് 3 ജില്ലകളിൽ റെഡ് അലർട്ട്, അണക്കെട്ടുകൾ നിറയുന്നു

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് തീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാനിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും.

heavy rain lashes out at various parts of kerala live updates on alerts and warnings
Author
Thiruvananthapuram, First Published Aug 9, 2020, 7:22 AM IST

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് കേരളത്തിലും മാഹിയിലും മഴ കൂടുതൽ ശക്തി പ്രാപിക്കും. മൂന്ന് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട്. എട്ട് അണക്കെട്ടുകളിൽ ഇന്ന് റെഡ് അലർട്ടാണ്. ശക്തമായ മഴയിൽ വിവിധ അണക്കെട്ടുകളിൽ ജലനിരപ്പുയരുകയാണ്. 

ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകൾ വെള്ളപ്പൊക്ക ബാധിതമെന്നാണ് കേന്ദ്ര ജല കമ്മീഷൻ ശനിയാഴ്ച നൽകിയിരിക്കുന്ന അറിയിപ്പ്. 

മഴയുടെ തുടരുന്ന പശ്ചാത്തലത്തിൽ പെരിയാർ, ഭാരതപ്പുഴ, പമ്പ, കബനി, വളപട്ടണം, കുറ്റിയാടി നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഇതിനിടെ ബംഗാൾ ഉൾക്കടലിൽ പുതിയതായി രൂപം കൊണ്ട ന്യൂനമർദ്ദം ശക്തമാകുന്നതോടെ ഇന്ന് മുതൽ ബുധനാഴ്ച വരെ മധ്യ ഇന്ത്യയിലും വടക്കേ ഇന്ത്യയിലും ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതായും മുന്നിറിയിപ്പുണ്ട്.

ഇന്നത്തെ വിവിധ ജില്ലകളിലെ അലർട്ട് വിവരങ്ങൾ ഇങ്ങനെയാണ്:

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് തീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഒഡിഷ തീരത്ത് ഇന്ന് ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. പക്ഷേ, ഇത് കേരളത്തില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കില്ല. കേരളാതീരത്ത് കാറ്റിന്‍റെ വേഗം 60 കി.മീ. വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അണക്കെട്ടുകളിൽ ജലനിരപ്പുയരുന്നു

ശക്തമായ മഴ തുടരുന്നതിനാൽ കേരളത്തിലെ അണക്കെട്ടുകൾ നിറയുന്നു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135 അടിയായി. 136 അടിയിലെത്തിയാൽ രണ്ടാം ജാഗ്രതാ നിർദേശം പുറപ്പെടുവിക്കും. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2361 അടിയായി. സംഭരണ ശേഷിയുടെ 67 ശതമാനമാണിത്. നെയ്യാർ ഡാമിന്‍റെ 4 ഷട്ടറുകൾ തുറന്നു. പേപ്പാറ ഡാമും തുറന്നു. മൂഴിയാർ അണക്കെട്ടിന്‍റെയും മണിയാർ സംഭരണിയുടെയും സ്പിൽവേ തുറന്നു. പാലക്കാട് മംഗലം, കാഞ്ഞിരപ്പുഴ ഡാമുകൾ തുറന്നു. വാളയാർ ഡാം തുറക്കുമെന്ന് മുന്നറിയിപ്പുണ്ട്. മഴ തുടർന്നാൽ ബാണാസുര സാഗർ അണക്കെട്ട് തുറക്കുമെന്ന് മുന്നറിയിപ്പുണ്ട്. കാരാപ്പുഴ അണക്കെട്ടിന്‍റെ ഷട്ടറുകളും കൂടുതൽ ഉയർത്തും. 

പമ്പ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. നിലവിൽ 983.05 മീറ്ററാണ് ജലനിരപ്പ്. അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ട് തുറന്ന് വിടുന്നതിന് മുമ്പായുള്ള രണ്ടാമത്തെ അലർട്ടാണ് ഇത്. ഇന്നലെ 982 മീറ്ററിലെത്തിയപ്പോ‌ൾ നീല അലർർട്ട് പ്രഖ്യാപിച്ചിരുന്നു. 984.50 മീറ്റ‌ർ എത്തുമ്പോഴാണ് ചുവപ്പ് അലർട്ട് പ്രഖ്യാപിക്കുന്നത്. ജലനിരപ്പ് 985ൽ എത്തിയാൽ അണക്കെട്ട് തുറന്നുവിടും. അങ്ങനെയെങ്കിൽ പമ്പയിലും കക്കാട്ടാറിലും ജലനിരപ്പ് ഉയരും. നദികളുടെ ഇരുകരകളിലും ഉള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അപകടകരമായ സാഹചര്യത്തിലുളളവരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. അടിയന്തര രക്ഷാ പ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ് സംഘവും കൊല്ലത്ത് നിന്നുള്ള 30 മത്സ്യത്തൊഴിലാളികളും എത്തിയിട്ടുണ്ട്.

കുട്ടനാട്ടിൽ മടവീഴ്ച, കോട്ടയത്ത് വീടുകളിൽ വെള്ളം കയറി

മധ്യകേരളത്തിൽ ഇന്ന് ഇടുക്കിയിൽ മാത്രമാണ് റെഡ് അലർട്ട്. എറണാകുളത്ത് മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസമായി. ആലുവയിൽ മഴ നിർത്താതെ പെയ്യുന്നുണ്ടെങ്കിലും പുഴയിലെ ജലനിരപ്പ് കുറഞ്ഞു. കുട്ടനാട്ടിലും, ചെങ്ങന്നൂരിലും ജലനിരപ്പുയരുന്ന സാഹചര്യത്തിൽ കൂടുതൽ ക്യാമ്പുകൾ തുറക്കും. മടവീഴ്ചയുണ്ടായ കൈനകരി വലിയ തുരുത്ത് പാടശേഖരത്തിലെയും, വടക്കേ വാവക്കാട് പാടശേഖരത്തിലെയും കുടുംബങ്ങളെയും ക്യാമ്പിലേയ്ക്ക് മാറ്റും. 312 ഏക്കറിലെ കൃഷി നശിച്ചു. കടലാക്രമണം രൂക്ഷമായാൽ ആലപ്പുഴയുടെ തീരമേഖലയിൽ കൂടുതൽ ക്യാമ്പുകൾ സജ്ജീകരിച്ച് ആളുകളെ മാറ്റുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന്‍റെ ഭീതി നിലനിൽക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ് സംഘവും ജില്ലയിൽ എത്തി. കോട്ടയം ജില്ലയിൽ ഇതുവരെ 132 ക്യാമ്പുകളിലായി 3232 പേരെ മാറ്റിപ്പാർപ്പിച്ചു. 

റെഡ് അലർട്ടുള്ള വയനാട്ടിൽ മഴക്ക് ശമനമില്ല. ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി പാർപ്പിച്ചവരുടെ എണ്ണം 4206 ആയി. മൂന്ന് താലൂക്കുകളിലായി 79 ക്യാംപുകളാണുള്ളത്. ആദിവാസി വിഭാഗത്തിൽ പെടുന്ന 2332 ആളുകളും ക്യാംപുകളിലുണ്ട്. ജില്ലയിൽ പല സ്ഥലത്തും മണ്ണിടിച്ചിൽ ഭീഷണിയുമുണ്ട്.

പത്തനംതിട്ട ജില്ലയിൽ രാത്രിയിൽ കനത്ത മഴയാണ് പെയ്തത്. പാലക്കാട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ടാണ്. 115. 5 മി.മീ വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. മലമ്പുഴ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രിത അളവിൽ ജലം തുറന്നു വിടാൻ സാധ്യതയുണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം നിർദേശം നൽകി. ജില്ലയിൽ നിലവിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 196 പേരെയാണ് മാറ്റി പാർപ്പിച്ചത്. മണ്ണാർക്കാട് താലൂക്കിൽ ഏഴും ആലത്തൂർ താലൂക്കിൽ ഒരു ക്യാമ്പുമാണ് തുറന്നത്. മലയോര മേഖലകളിൽ കനത്ത മഴ തുടർന്നാൽ കൂടുതൽ ക്യാമ്പുകൾ ഒരുക്കും. ഭവാനി, ഭാരതപ്പുഴ, ശിരുവാണി പുഴകളിൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.

റെഡ് അലർട്ട് ഉള്ള കണ്ണൂരിലെ മലയോര മേഖലയിൽ മഴ തുടരുകയാണ്. പുഴകൾ കരകവിഞ്ഞ് ഒഴുകുന്നു. ഇതുവരെ 1500 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ശ്രീകണ്ഠപുരം ടൗണിലെ അഞ്ഞൂറ് കടകളിൽ വെള്ളം കയറി. ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ എല്ലാ റവന്യൂ ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരാകാൻ റവന്യൂ സെക്രട്ടറി നിർദ്ദേശിച്ചു. അവധിയിലുള്ള ഉദ്യോഗസ്ഥർ അവധി റദ്ദാക്കി ജോലിക്ക് ഹാജരാകണം. കൊവിഡ് ഡ്യൂട്ടിയിൽ നിന്നും റവന്യൂ ഉദ്യോഗസ്ഥരെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ജോലിയിലേക്ക് വിന്യസിക്കാനും, മറ്റ് വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കാനും റവന്യൂ സെക്രട്ടറി ഉത്തരവിറക്കി.

Follow Us:
Download App:
  • android
  • ios