മലപ്പുറം: മുണ്ടേരിയില്‍ ആദിവാസി ഊരുകളിൽ കുടുങ്ങിയവർക്ക് ഭക്ഷണമടക്കമുള്ള അവശ്യസാധനങ്ങൾ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഭക്ഷണവും മറ്റ് സാധനങ്ങളും കയറിൽക്കെട്ടിയാണ് ഫയർഫോഴ്സ് വിവിധ ഊരുകളിൽ എത്തിക്കുന്നത്. എന്നാൽ, ആദിവാസി ഊരുകളിൽ താമസിക്കുന്ന ഇരുന്നൂറിലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാൻ സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് ഇതുവരെ സാധിച്ചിച്ചിട്ടില്ല.

ഊരുവിട്ട് ആളുകൾ പുറത്തേക്ക് വരാത്തതാണ് ഇതിന് കാരണമെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു.  നിലവിലത്തെ സാഹചര്യത്തിൽ പ്രദേശത്ത് മറ്റ് പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ, മഴ ഇനിയും ശക്തമായാല്‍ ഏത് വിധേനയും ഇവരെ പുറത്തെത്തിക്കാനാണ് തീരുമാനമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരടക്കം  മുണ്ടേരിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

വായിക്കാം; മുണ്ടേരിയിൽ കുടുങ്ങിയത് 220 ആദിവാസികൾ: കയറുകെട്ടി ഭക്ഷണമെത്തിച്ച് ഫയർഫോഴ്‍സ്

മലപ്പുറം ജില്ലയില്‍ നാലുദിവസമായി കനത്ത മഴ തുടരുകയാണ്. ഈ മഴയിൽ ഇന്നലെ വൈകിട്ടോടെ നിലമ്പൂരില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മുണ്ടേരിയില്‍ ചാലിയാറിന് കുറുകെയുള്ള പാലം തകരുകയായിരുന്നു. ഇതോടെ അങ്ങേക്കരയില്‍ നാല് കോളനികളിലായുള്ള ആദിവാസി വിഭാഗത്തില്‍പ്പെട്ട ഇരുന്നൂറിലേറെപ്പേര്‍ക്ക് പുറം ലോകവുമായുള്ള ബന്ധം നഷ്ടായി.

വാണിയംപുഴ, ഇരുട്ടുകുത്തി, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി ആദിവാസി കോളനികളിലുള്ളവരാണ് കുടുങ്ങി കിടക്കുന്നത്. ചാലിയാര്‍ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിൽ മുണ്ടേരിക്ക് സമീപത്തെ അമ്പുട്ടാംപെട്ടിയിലെ നൂറിലേറെ ഏക്കർ സ്ഥലം ഒലിച്ചുപോയിട്ടുണ്ട്. 50ലേറെ വീടുകള്‍ തകര്‍ന്നിട്ടുണ്ട്.