തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 103 ആയി. ഇന്ന് (ആഗസ്റ്റ് 15) ഒരു ജില്ലയിലും അതിതീവ്രമഴയുടെ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. മൂന്ന് ജില്ലകളില്‍ 'ഓറഞ്ച്' അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മാത്രമാണ് ഇന്ന് ഓറഞ്ച് അലർട്ട്. വയനാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മീൻപിടുത്തക്കാർ കടലിൽ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. 

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിക്കുന്നതിനാലാണ് സംസ്ഥാനത്ത് നിലവിൽ മഴ തുടരുന്നത്. കേരള-കർണാടക രൂപം കൊണ്ട ന്യൂനമർദ്ദ പാത്തിയും മഴയ്ക്ക് മറ്റൊരു കാരണമാണ്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യുന്ന പ്രതിഭാസം വരും വർഷങ്ങളിലും പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 103 ആയി. ഉരുൾപൊട്ടൽ വൻദുരന്തം വിതച്ച മലപ്പുറം കവളപ്പാറയിൽ നിന്ന് ഏഴ് മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. ഇതോടെ കവളപ്പാറയിലെ ദുരന്തമുഖത്ത് 30 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനി 29 പേരെയാണ് കവളപ്പാറയിൽ നിന്ന് കണ്ടെത്താനുള്ളത്. ദുരന്തം നടന്ന് ഒരാഴ്ചയാവുമ്പോഴും പുത്തുമലയിൽ ഏഴ് പേർ ഇനിയും മണ്ണിനടിയിലാണ്.

Also Read: പുത്തുമലയിലും കവളപ്പാറയിലും തെരച്ചില്‍ തുടരും; 36 പേർ ഇനിയും മണ്ണിനടിയിൽ