നമ്പ്രം റോഡിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് റോഡ് അടച്ചു.
പാലക്കാട്: കനത്ത മഴയെ തുടർന്ന് ഷൊർണൂർ ഭാരതപ്പുഴ കരകവിഞ്ഞു. നമ്പ്രം റോഡിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് റോഡ് അടച്ചു. ഭാരതപ്പുഴയോരത്ത് 75 ഓളം കുടുംബങ്ങളാണ് നമ്പ്രം പ്രദേശത്തുള്ളത്. നിലവിൽ വീടുകളിൽ വെള്ളം കയറിയിട്ടില്ല. ഷോർണൂർ ശാന്തിതീരം പൊതുശ്മശാനത്തിലേക്കുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. ചെറുതുരുത്തി പാലത്തിനു സമീപത്ത് നിന്നും മൃതദേഹം സ്ട്രക്ചറിൽ വഹിച്ചാണ് കൊണ്ടുപോകുന്നത്. മഴ കനത്താൽ സ്മശാനത്തിനുള്ളിലേക്കും പ്രദേശത്തെ വീടുകളിലേക്കും വെള്ളം കയറും എന്നാണ് ആശങ്ക.
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റര്‍ മുതൽ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി, വയനാട്, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്. ഇരിട്ടി, കോതമംഗലം താലൂക്കുകളിലെ സ്കൂളുകൾക്കും ഇന്ന് അവധിയാണ്.

