Asianet News MalayalamAsianet News Malayalam

കനത്ത മഴ: അട്ടപ്പാടി ചുരത്തില്‍ ഇന്ന് വൈകിട്ട് 6 മുതല്‍ ഗതാഗത നിയന്ത്രണം; ഭാരമേറിയ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

പ്രസ്തുത കാലയളവില്‍ ടോറസ്, ടിപ്പര്‍, ഗുഡ്‌സ് ലോറികള്‍ തുടങ്ങിയ ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതമാണ് നിരോധിച്ചിരിക്കുന്നത്. മെഡിക്കല്‍ സര്‍വ്വീസ്, റേഷന്‍ വിതരണം തുടങ്ങിയ അവശ്യ സര്‍വ്വീസുകള്‍ക്കുള്ള വാഹനങ്ങളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

heavy vehicle permission not allowed from today 6pm to july 19 6 pm in attappadi churam
Author
Palakkad, First Published Jul 16, 2022, 3:41 PM IST

പാലക്കാട്: അട്ടപ്പാടി ചുരം റോഡില്‍ ഇന്ന് വൈകിട്ട് ആറ് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പാലക്കാട് ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും സംസ്ഥാന ദുരന്തനിവാരണ അതോരിറ്റിയുടെ വിവിധ മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലും അട്ടപ്പാടി മേഖലയില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന നിരവധി പ്രദേശങ്ങള്‍ ഉള്ളതിനാലും ചുരം റോഡില്‍ മരങ്ങളും ചില്ലകളും വീഴുന്നതായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലുമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

അട്ടപ്പാടി ചുരം വഴി ഇന്ന് (ജൂലൈ 16) വൈകീട്ട് ആറ് മുതല്‍ ജൂലൈ 19 ന് വൈകീട്ട് ആറ് വരെ ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചതായി ജില്ലാ ദുരന്തനിവാരണ അതോരിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രസ്തുത കാലയളവില്‍ ടോറസ്, ടിപ്പര്‍, ഗുഡ്‌സ് ലോറികള്‍ തുടങ്ങിയ ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതമാണ് നിരോധിച്ചിരിക്കുന്നത്. എന്നാല്‍, മെഡിക്കല്‍ സര്‍വ്വീസ്, റേഷന്‍ വിതരണം തുടങ്ങിയ അവശ്യ സര്‍വ്വീസുകള്‍ക്കുള്ള വാഹനങ്ങളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

സംസ്ഥാനത്ത് പരക്കെ മഴ

സംസ്ഥാനത്ത് പരക്കെ മഴ തുടരുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടുന്നുണ്ട്. വടക്കൻ ജില്ലകളിൽ തന്നെയാണ് കൂടുതൽ മഴ സാധ്യത. തീരമേഖലകളിൽ മഴ ശക്തമായേക്കും. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. അറബിക്കടലിലെ ഇരട്ട ന്യൂനമർദ്ദമാണ് മഴ ശക്തമായി തുടരാൻ കാരണം. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ മഴയുടെ ശക്തി കുറയാനാണ് സാധ്യത. രൂക്ഷമായ കടലാക്രമണ മുന്നറിയിപ്പുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Also Read : വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു, ഗുജറാത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

Follow Us:
Download App:
  • android
  • ios