Asianet News MalayalamAsianet News Malayalam

ലൈംഗികാതിക്രമം തുറന്ന് പറഞ്ഞവരിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കും, ആദ്യ യോഗം ഇന്ന്

ഇതുവരെ ആരോപണം ഉയർത്തിയ മുഴുവൻ പേരെയും സമീപിക്കും. ആരോപണത്തിൽ ഉറച്ചുനിന്നാൽ മൊഴി പരിശോധിച്ച് കേസെടുത്ത് തുടർ നിയമ നടപടികളിലേക്ക് കടക്കാനാണ് നീക്കം.

hema committee report special investigation team to take statements of survivors
Author
First Published Aug 26, 2024, 1:50 PM IST | Last Updated Aug 26, 2024, 2:22 PM IST

തിരുവനന്തപുരം: സിനിമാ രംഗത്തെ ലൈംഗിക അതിക്രമം തുറന്ന് പറഞ്ഞവരിൽ നിന്ന് മൊഴിയെടുക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം. ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ പകർപ്പ് സ്പെഷ്യൽ ടീം ആവശ്യപ്പെടും. അതേ സമയം പീഡനകേസ് അന്വേഷണത്തിൽ ആരോപണ വിധേയരായവരും ടീമിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു.

മലയാള സിനിമാരംഗത്ത് ആഞ്ഞുവീശുന്ന മീ ടു കൊടുങ്കാറ്റിനിടെയാണ് സർക്കാർ ഒടുവിൽ അന്വേഷണത്തിന് സ്പെഷ്യൽ ടീം രൂപീകരിച്ചത്. ഇന്ന് ടീം യോഗം ചേർന്ന് അന്വേഷണത്തിലേക്ക് നീങ്ങും. ഇതുവരെ ആരോപണം ഉയർത്തിയ മുഴുവൻ പേരെയും സമീപിക്കും. ആരോപണത്തിൽ ഉറച്ചുനിന്നാൽ മൊഴി പരിശോധിച്ച് കേസെടുത്ത് തുടർ നിയമ നടപടികളിലേക്ക് കടക്കാനാണ് നീക്കം. മൊഴിയെടുക്കുന്നത് ടീമിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും. 

ഓരോ ഉദ്യോഗസ്ഥക്ക് കീഴിലും വനിതാ പൊലീസ് അടങ്ങുന്ന ടീമുകൾ ഉണ്ടാക്കിയാകും മൊഴി രേഖപ്പെടുത്തൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള പരിശോധന, ടീം രൂപീകരിച്ചുള്ള വാർത്താകുറിപ്പിൽ പറഞ്ഞിട്ടില്ല. പക്ഷെ റിപ്പോർട്ടിൻറെ പകർപ്പ് ടീം സർക്കാറിനോട് ആവശ്യപ്പെടും. കമ്മിറ്റിക്ക് മൊഴി നൽകിയവരെയും കാണാനാണ് ശ്രമം. അതേ സമയം ടീം രൂപീകരണത്തെ അടക്കം ചോദ്യം ചെയ്ത് സർക്കാറിന്‍റെ ഉദ്ദേശശുദ്ധിയിൽ സംശയം ഉന്നയിച്ചിരിക്കുകയാണ് പ്രതിപക്ഷം.

പുതിയ ടീമിന് വീണ്ടും മൊഴി നൽകേണ്ടിവരുമ്പോൾ ഇരകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ഉയർത്തി ഡബ്ള്യുസിസി ഇന്നലെ തന്നെ ആശങ്ക ഉയർത്തിയിരുന്നു. രഞ്ജിത്തിൻറെ രാജിക്ക് പിന്നാലെ ടീം ഉണ്ടാക്കിയത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള മെല്ലെപ്പോക്ക് അടക്കമുള്ള വിമർശനങ്ങളെ  നേരിടുന്നത്.

ക്രൈം എഡിജിപി മേൽനോട്ടം വഹിക്കുന്ന സംഘത്തിൽ 4 വനിതാ അം​ഗങ്ങൾ ഉൾപ്പെടെ 7 അംഗങ്ങളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. പൊലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണ സംഘമാണ് രൂപീകരിച്ചത്. എഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. എസ്. അജീത ബീഗം, മെറിന്‍ ജോസഫ്, ജി പൂങ്കുഴലി, ഐശ്വര്യ ഡോങ്ക്‌റെ, അജിത്ത് വി, എസ് മധുസൂദനന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

'കതകിൽ മുട്ടി'; സംവിധായകൻ തുളസീദാസ് മോശമായി പെരുമാറിയെന്ന് നടി ഗീതാ വിജയൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios