കൊച്ചിയിൽ നിർമാണത്തിലിരുന്ന മെട്രോ പില്ലറിൽനിന്ന് ഇരുമ്പ് കഷ്ണം വീണ് അപകടമുണ്ടായ സംഭവത്തിൽ പ്രതികരണവുമായി ഹൈബി ഈഡൻ എംപി. അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കെഎംആർഎൽ എംഡിയോട് ആവശ്യപ്പെട്ടതായി ഹൈബി ഈഡൻ.
കൊച്ചി: കൊച്ചിയിൽ നിർമാണത്തിലിരുന്ന മെട്രോ പില്ലറിൽനിന്ന് ഇരുമ്പ് കഷ്ണം താഴേക്ക് പതിച്ച് പരിക്കേറ്റ യുവതിക്ക് അർഹമായ നഷ്ടപരിഹാരം അനുവദിക്കുമെന്ന് ഹൈബി ഈഡൻ എംപി. അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡി ലോക് നാഥ് ബെഹ്റയോട് ആവശ്യപ്പെട്ടതായും നഷ്ടപരിഹാരം അനുവദിക്കുമെന്ന് എംഡി അറിയിച്ചതായും ഹൈബി ഈഡൻ അറിയിച്ചു. യുവതിയുമായി എംപി ഫോണിൽ സംസാരിച്ചു വിവരങ്ങൾ മനസ്സിലാക്കി.

ഗോപിക അപകടത്തിൽനിന്ന് അദ്‌ഭുതകരമായി രക്ഷപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെ ആണ് മനസിലാക്കിയതെന്ന് ഹൈബി ഈഡൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. കൈയ്ക്കും മറ്റും പരിക്കേറ്റുവെങ്കിലും വലിയ ഒരപകടത്തിൽനിന്ന് ഗോപിക തലനാരിഴയ്ക്ക് രക്ഷപ്പെടുകയുണ്ടായതെന്ന് എംപി പറഞ്ഞു.
വിവരം കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റയെ അറിയിച്ച് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു. നഷ്ടപരിഹാരം അനുവദിക്കുമെന്ന് മെട്രോ എംഡി അറിയിച്ചിട്ടുണ്ട്. താൻ ആവശ്യപ്പെട്ടത് പ്രകാരം എംഡിയും ഗോപികയുമായി ഫോണിൽ സംസാരിച്ചു. മനുഷ്യരുടെ പൊതുഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനാണ് മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതെന്നും ഹൈബി ഈഡൻ പറഞ്ഞു.
മെയ് 19ന് രാത്രി 10 മണിയോടെ വാഴക്കാല - പാലാരിവട്ടം റൂട്ടിൽ പാടിവട്ടം കപ്പേളയുടെ മുന്നിൽവെച്ചാണ് അപകടം ഉണ്ടായത്. എറണാകുളത്തെ വിപ്രോ ജീവനക്കാരിയായ ഗോപിക പ്രശാന്ത് ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. നിർമാണത്തിലിരുന്ന മെട്രോ പില്ലറിൽനിന്ന് താഴേക്ക് വീണ ഇരുമ്പ് കഷ്ണം ഗോപിക സഞ്ചരിച്ചിരുന്ന കാറിൻ്റെ മുന്നിലെ ചില്ല് തുളച്ച് അകത്തേക്ക് പതിക്കുകയായിരുന്നു.
മുൻസീറ്റിലിരുന്ന ഗോപികയുടെ കൈയ്ക്കടക്കം മുറിവേറ്റിട്ടുണ്ട്. ഭാഗ്യംകൊണ്ടാകാം താൻ രക്ഷപ്പെട്ടതെന്നും ബൈക്കോ ഓട്ടോയോ പോലുള്ള വാഹനങ്ങളിലാണ് പതിച്ചിരുന്നതെങ്കിൽ മരണംവരെ സംഭവിച്ചേക്കാമെന്നും ഗോപിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയയിൽ പറഞ്ഞു. സംഭവത്തിൽ ഗോപിക പാലാരിവട്ടം പൊലീസിന് പരാതി നൽകിയിരുന്നു. അപകടം അതീവ ദൗർഭാഗ്യകരമാണെന്ന് പറഞ്ഞ കെഎംആർഎൽ സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് അറിയിച്ചു.


