Asianet News MalayalamAsianet News Malayalam

'ആർക്കും മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കാം, എനിക്കും ആഗ്രഹിച്ചു കൂടെ'യെന്ന് ഹൈബി ഈഡൻ

തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പാർട്ടിയാണ്. ഇപ്പോൾ അഭിപ്രായം പറയാൻ സമയം ആയില്ലെന്നും ഹൈബി

Hibi Eden on Shashi Tharoor's interest to become CM
Author
First Published Jan 11, 2023, 12:56 PM IST

കൊച്ചി : ലോക്സഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ആകാൻ തയ്യാറെന്ന ശശി തരൂരിന്റെ പരാമർശത്തോട് പ്രതികരിച്ച് ഹൈബി ഈഡൻ എം പി. ആർക്കും മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കാം എന്ന് ഹൈബി പ്രതികരിച്ചു. 'എനിക്കും ആഗ്രഹിച്ചു കൂടെ' എന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പാർട്ടിയാണ്. ഇപ്പോൾ അഭിപ്രായം പറയാൻ സമയം ആയില്ലെന്നും ഹൈബി പറഞ്ഞു. 

സിറ്റിങ് എംപിമാരില്‍ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കാമെന്ന് ശശി തരൂർ തുറന്ന് പറഞ്ഞുകഴിഞ്ഞു. എന്നാല്‍, സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്‍റെ പ്രതികരണം. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായേക്കാവുന്ന തോല്‍വി, നിയമസഭയില്‍ മത്സരിച്ച് സര്‍ക്കാരിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷ. ഇങ്ങനെ രണ്ടേരണ്ട് കാരണങ്ങളാണ് സിറ്റിംഗ് എംപിമാരില്‍ പലരുടെയും മനംമാറ്റത്തിന് കാരണം. സംസ്ഥാന രാഷ്ട്രീയത്തില്‍ ശശി തരൂര്‍ സജീവമാകുകയും പാര്‍ട്ടിക്ക് പുറത്ത് സ്വീകാര്യത കൂടുകയും ചെയ്യുന്നത് എംപിമാരുടെ തീരുമാനങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. 

രാജ്മോഹന്‍ ഉണ്ണിത്താന്‍, അടൂര്‍ പ്രകാശ്, ടി എന്‍ പ്രതാപന്‍ തുടങ്ങിയവര്‍ക്ക് നിയമസഭയിലാണ് കണ്ണ്. മറയില്ലാതെ തന്നെ അത് പറയുന്നുമുണ്ട്. തനിക്ക് ശോഭിക്കാനായത് എംഎൽഎ എന്ന നിലയിലാണെന്നും എം പി എന്ന നിലയിൽ വേണ്ടത്ര ശോഭിക്കാനായില്ലെന്നുമായിരുന്നു സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള ടി എൻ പ്രതാപന്റെ പ്രതികരണം. 

അതേസമയം ലോക്സഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന ശശി തരൂരടക്കമുള്ള എംപിമാരുടെ പ്രതികരണങ്ങൾകെതിരെ എഐസിസി ജനറല്‍ സെക്രട്ടരി താരിഖ് അന്‍വര്‍ രംഗത്തെത്തി. മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഹൈകമാന്‍റാണ്. സ്ഥാനാർഥിത്വം തീരുമാനിക്കാൻ നടപടി ക്രമം ഉണ്ട്. തരൂർ അഭിപ്രായം പറയേണ്ടത് ഹൈക്കമാന്‍റിനോടാണ്. ആർക്കും പദവികൾ ആഗ്രഹിക്കാം. പക്ഷെ പാർട്ടി നടപടി പാലിക്കണം. മുഖ്യമന്ത്രി ആകാൻ തയ്യാർ എന്ന പ്രതികരണത്തെയും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്ത് നേതൃമാറ്റം ഇല്ലെന്നും താരീഖ് അൻവർ വ്യക്തമാക്കി. 

Read More : തരൂരിനെതിരെ താരിഖ് അന്‍വര്‍; 'പദവികൾ ആഗ്രഹിക്കാം, പക്ഷെ പാർട്ടി രീതികള്‍ പാലിക്കണം'

Follow Us:
Download App:
  • android
  • ios