സംഗീത പരിപാടികൾക്കായി യുകെയിലേക്കും അയർലൻഡിലേക്കും പോകാൻ ഗായകൻ വേടന് പ്രത്യേക പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി നിർദേശിച്ചു. ക്രിമിനൽ കേസ് നിലവിലുള്ള ഒരാൾക്ക്, കേസ് പരിഗണിക്കുന്ന കോടതിയുടെ അനുമതിയോടെ വിദേശത്തേക്ക് പോകാൻ അർഹതയുണ്ടെന്ന മുൻ ഉത്തരവും ഹൈക്കോടതി പരിഗണിച്ചു.
കൊച്ചി: സംഗീത പരിപാടികൾ അവതരിപ്പിക്കുന്നതിനായി യുകെയിലേക്കും അയർലൻഡിലേക്കും പോകുന്ന ഹിരൺ ദാസ് മുരളിക്ക് (വേടൻ) പ്രത്യേക പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നൽകാൻ ഹൈക്കോടതി നിർദേശം. കേസ് വിവരങ്ങളും കോടതി ഉത്തരവും പരിശോധിച്ച് പിസിസി നൽകാൻ റീജനൽ പാസ്‌പോർട്ട് ഓഫിസറോടാണ് കോടതി നിർദേശിച്ചത്. വിവിധ കേസുകളിൽ പ്രതിയായതിനാൽ പിസിസി അനുവദിക്കാത്തതിനെ ചോദ്യം ചെയ്താണ് വേടൻ ഹൈക്കോടതിയെ സമീപിച്ചത്. കേസുകളിൽ പ്രതിയാണെന്ന് ചൂണ്ടിക്കാണിച്ച് പ്രതികൂലമായ പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ടാണ് ലഭിച്ചതെന്നും അതിനാൽ പ്രത്യേക പിസിസി മാത്രമേ അനുവദിക്കാനാകൂവെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
ക്രിമിനൽ കേസ് നിലവിലുള്ള ഒരാൾക്ക്, കേസ് പരിഗണിക്കുന്ന കോടതിയുടെ അനുമതിയോടെ വിദേശത്തേക്ക് പോകാൻ അർഹതയുണ്ടെന്ന മുൻ ഉത്തരവും ഹൈക്കോടതി പരിഗണിച്ചു. തുടർന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ പ്രത്യേക പിസിസി അനുവദിക്കാൻ ജസ്റ്റിസ് മുരളി പുരുഷോത്തമൻ നിർദേശിച്ചു. അതേസമയം, ബന്ധപ്പെട്ട കോടതിയുടെ അനുമതി നേടിയ ശേഷമേ രാജ്യം വിട്ടുപോകാവൂ എന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ക്രിമിനൽ കേസിൽ പ്രതിയായതുകൊണ്ട് മാത്രം ഒരാൾക്ക് വിദേശ യാത്രക്കുള്ള അവകാശം പൂർണ്ണമായി ഇല്ലാതാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. നിലവില്‍ രണ്ട് ലൈംഗികാതിക്രമ കേസുകളിലും ലഹരിമരുന്ന് കേസിലും പ്രതിയാണ് വേടന്‍.


