സിവിക് ചന്ദ്രന് എതിരായ ലൈംഗിക പീഡന കേസിലെ മുൻകൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശത്തിന് പിന്നാലെയായിരുന്നു എസ് കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതിയിലേക്ക് മാറ്റിയത്.

കോഴിക്കോട്: സ്ഥലം മാറ്റ ഉത്തരവിനെതിരെ കോഴിക്കോട് മുൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എസ് കൃഷ്ണകുമാർ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദം ഹൈക്കോടതി തള്ളി.സ്ഥലംമാറ്റ ഉത്തരവില്‍ അപാകതയില്ലെന്ന് ജസ്റ്റിസ് അനു ശിവരാമൻ നിരീക്ഷിച്ചു. ലേബര്‍ കോടതി ജഡ്ജി ഡപ്യൂട്ടേഷന്‍ തസ്തികയല്ല. മുന്‍കൂട്ടി അനുവാദം വാങ്ങേണ്ടതില്ലെന്നും ജസ്റ്റിസ് അനു ശിവരാമൻ പറഞ്ഞു. സിവിക് ചന്ദ്രന് എതിരായ ലൈംഗിക പീഡന കേസിലെ മുൻകൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശത്തിന് പിന്നാലെയായിരുന്നു എസ് കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതിയിലേക്ക് മാറ്റിയത്.

കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ആയ തന്നെ കൊല്ലം ലേബർ കോടതിയിലെ ഡെപ്യൂട്ടേഷൻ പോസ്റ്റിലേക്ക് മാറ്റിയത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു ജഡ്ജ് എസ് കൃഷ്ണകുമാറിന്‍റെ ഹർജിയിലെ വാദം. 3 വർഷത്തിനിടെ ഒരാളെ കാരണമില്ലാതെ സ്ഥലം മാറ്റരുതെന്ന് നിയമവും ലംഘിക്കപ്പെട്ടു. തനിക്ക് സ്വാഭാവിക നീതി നിഷേധം ഉണ്ടായി. അടുത്ത് മെയ് 31 ന് വിരമിക്കാനിരിക്കുന്ന തനിക്ക് കോഴിക്കോട് പ്രിൻസിപ്പൽ സെഷനസ് ജഡ്ജിയായിരിക്കാൻ അർഹതയുണ്ടെന്നും ഹ‍ർജിയിലുണ്ട്. 

സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വാദം കേൾക്കൽ അടുത്ത മാസം 13 മുതൽ

ദില്ലി: സുപ്രീംകോടതി നിയോഗിച്ച ഭരണഘടന ബെഞ്ചിന്‍റെ വാദം കേൾക്കൽ അടുത്ത മാസം പതിമൂന്ന് മുതൽ. സാമ്പത്തിക സംവരണം, മുസ്സീം വിഭാഗത്തിന്‍റെ പിന്നോക്ക പദവി എന്നിവയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കുക. ഒക്ടോബറോടെ ഈ കേസുകളിൽ വാദം കേൾക്കൽ പൂർത്തിയാക്കാനാണ് ശ്രമമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സുപ്രധാനമായ ഏട്ടു കേസുകളിലെ ഭരണഘടനാ വിഷയങ്ങൾ പരിഗണിച്ച് തീർപ്പാക്കാനാണ് സുപ്രീംകോടതി പുതിയ രണ്ട് ഭരണഘടനാ ബെഞ്ചുകൾ രൂപീകരിച്ചത്. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ ബി പർദിവാല എന്നിവരടങ്ങുന്നതാണ് ആദ്യ ബെഞ്ച്.

ഇന്ന് ഹർജികൾ പരിഗണിച്ച കോടതി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സംവരണത്തിന്‍റെ ഭരണഘടനാ സാധുത ആദ്യം പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. മുസ്ലീങ്ങൾക്ക് സാമൂഹികമായും സാമ്പത്തികമായും പിന്നോക്ക വിഭാഗമായി നൽകിയ സംവരണത്തിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹർജികളിലും ഇതോടൊപ്പം വാദം കേൾക്കും. ഈ ഹർജികൾ പരസ്പരം ബന്ധപ്പെട്ടവ ആയതിനാലാണ് ആദ്യം പരിഗണിക്കാൻ തീരുമാനിച്ചത്. 

സിഖ് സമുദായത്തെ പഞ്ചാബിൽ ന്യൂനപക്ഷമായി കണക്കാക്കാമോ, തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമന രീതി മാറ്റണമോ, സുപ്രീംകോടതിക്കും ഹൈക്കോടതിക്കും ഇടയിൽ അപ്പീൽ കോടതി വേണോ തുടങ്ങിയ വിഷയങ്ങളും ഈ ബെഞ്ച് പരിശോധിക്കും. കേസുകളിൽ കോടതിയെ സഹായിക്കാൻ നാല് അഭിഭാഷകരെ നോഡൽ കോൺസൽമാരായും നിയമിച്ചു. ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എം എം സുന്ദ്രേഷ്, ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവരടങ്ങുന്ന രണ്ടാമത്തെ ബെഞ്ച് നിക്കാഹ് ഹലാല ഉൾപ്പെടെയുള്ള ബഹുഭാര്യത്വ സമ്പ്രദായം ഭരണഘടന വിരുദ്ധമാണോ എന്ന ഹർജിയും തടവുകാരെ മോചിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്കുള്ള അധികാരം ഉൾപ്പടെ മറ്റു മൂന്ന് വിഷയങ്ങളിലും വാദം കേൾക്കും.