Asianet News MalayalamAsianet News Malayalam

Covid Vaccine Certificate : വാക്സിൻ സർട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രത്തിനെതിരെ അപ്പീൽ; ഡിവിഷൻ ബെഞ്ച് തള്ളി

ഫോട്ടോ പതിക്കുന്നത് പരസ്യമായി കണക്കാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. വാക്സിനേഷനുമായി ബന്ധപ്പെട്ട് സന്ദേശം നൽകാൻ പ്രധാനമന്ത്രിക്ക് അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

High court  division beach rejects petition seeking removal of pm modis image from covid vaccination certificate
Author
Kochi, First Published Jan 25, 2022, 2:28 PM IST

കൊച്ചി: കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ (Covid Vaccination Certficate) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (PM Modi) ചിത്രം പതിക്കുന്നത് ചോദ്യം ചെയ്തുള്ള അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തുന്നത് ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ആയിരുന്നു അപ്പീൽ. ഫോട്ടോ പതിക്കുന്നത് പരസ്യമായി കണക്കാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. വാക്സിനേഷനുമായി ബന്ധപ്പെട്ട് സന്ദേശം നൽകാൻ പ്രധാനമന്ത്രിക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

കടുത്തുരുത്തി സ്വദേശി പീറ്റർ മ്യാലിപ്പറമ്പിൽ ആണ് ഹർജിക്കാരൻ. 1 ലക്ഷം രൂപ പിഴ ചുമത്തി സിംഗിൾ ബഞ്ച് നേരത്തെ ഹർജി തള്ളിയിരുന്നു. രൂക്ഷമായ വിമര്‍ശനത്തോടെയാണ് ഹര്‍ജിയില്‍ കോടതി ഉത്തരവ് എത്തിയത്. യോഗ്യതയുള്ള വ്യക്തിയെയാണ് ജനം തെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്‍റില്‍ എത്തിക്കുന്നത്. ഇവരില്‍ നിന്നാണ് ഭൂരിപക്ഷം ലഭിച്ച പാര്‍ട്ടി പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ അദ്ദേഹം രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണ്. അതുകൊണ്ട് തന്നെ പുലര്‍ത്തുന്ന ആശയങ്ങള്‍ വെറെ ആണെങ്കില്‍ കൂടിയും പ്രധാനമന്ത്രിയെ ബഹുമാനിക്കേണ്ട ഉത്തരവാദിത്തം പൗരന്മാര്‍ക്കുണ്ടെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു. വാക്സിന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വാദത്തിനും ശക്തമായാണ് കോടതി മറുപടി നല്‍കിയത്.

Also Read: 1 ലക്ഷം രൂപയിലേക്ക് 1 രൂപ, മോദി ചിത്രം നീക്കാനാവശ്യപ്പെട്ട ഹര്‍ജിക്കാരനെ പിന്തുണച്ച് ക്യാംപയിന്‍

പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് മേല്‍ക്കൂര പൊളിച്ച് എത്തിയ വ്യക്തിയല്ല ഇന്ത്യയുടെ പ്രധാനമന്ത്രി. ഇന്ത്യയിലെ ജനാധിപത്യം ലോകമെങ്ങും പ്രശംസിക്കപ്പെടുന്നതാണ്. ജനങ്ങളുടെ തീരുമാനമാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തതെന്നും കോടതി വിശദമാക്കി. അടുത്ത തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അദ്ദേഹത്തെ മാറ്റാം. പക്ഷേ ഒരിക്കല്‍ ആ സ്ഥാനത്തെത്തിയാല്‍ അത് ആരാണെങ്കില്‍ കൂടിയും പ്രധാനമന്ത്രി രാജ്യത്തിന്‍റെ അഭിമാനമാണെന്നും കോടതി ഹര്‍ജിക്കാരനോട് വ്യക്തമാക്കിയിരുന്നു. തീർത്തും ബാലിശമായ ഹര്‍ജിയാണ്. പൊതുതാല്‍പര്യമല്ല, പ്രശസ്തി താല്‍പര്യമാണ് ഹര്‍ജിയ്ക്ക് പിന്നിലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. പണം കൊടുത്ത് സ്വകാര്യ ആശുപത്രിയിൽ വാക്സിൻ എടുക്കുമ്പോൾ മോദിയുടെ ചിത്രം പതിക്കുന്നത് മൌലികവകാശ ലംഘനം എന്നായിരുന്നു ഹര്‍ജിക്കാരന്‍ വാദിച്ചത്.

Follow Us:
Download App:
  • android
  • ios