കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയുടെ ജാമ്യഹർജി പരി​ഗണിക്കുന്നത് ഹൈക്കോടതി മാറ്റി. കേസിലെ മൂന്നാം പ്രതിയായ മണികണ്ഠൻ നൽകിയ ജാമ്യഹർജി പരി​ഗണിക്കുന്നതാണ് ഹൈക്കോടതി അടുത്തമാസം നാലിലേക്ക് മാറ്റിയത്. 

അതേസമയം, നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് കേസിലെ പ്രതിയായ നടൻ ദിലീപിന് നൽകരുതെന്ന് സർക്കാർ സുപ്രീംകോടതിയോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. നടിയുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് ദൃശ്യങ്ങൾ പ്രതിയ്ക്ക് കൈമാറരുതെന്നാണ് സംസ്ഥാന സർക്കാർ വാദിച്ചത്. മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് ദിലീപിന് നൽകാനാകില്ലെന്ന് നേരത്തെയും സംസ്ഥാന സര്‍ക്കാർ അറിയിച്ചിരുന്നു. 

മെമ്മറി കാർഡിന്റെ പകർപ്പ് ദിലീപിന് നൽകരുതെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസിൽ കക്ഷിചേരാൻ അനുവദിക്കണമെന്നും കോടതിയിൽ അപേക്ഷ നൽകി. മെമ്മറി കാർഡ് ദിലീപിന് നൽകുന്നത് തന്റെ സ്വകാര്യതക്ക് ഭീഷണിയുണ്ടാക്കുമെന്നും നടി സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയിൽ പറഞ്ഞിരുന്നു.

Read More:മെമ്മറി കാർഡിന്‍റെ പകർപ്പ് ദിലീപിന് നൽകരുത്; ആക്രമിക്കപ്പെട്ട നടി സുപ്രീംകോടതിയിൽ