Asianet News MalayalamAsianet News Malayalam

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന പി സി ജോർജിന്‍റെ ഹർജി; ഉത്തരവ് പറയാനായി ഹൈക്കോടതി മാറ്റിവെച്ചു

കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനത്തെ ദുരന്തത്തിലേക്ക് തള്ളിവിടുമെന്നാണ് പി സി ജോർജ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്.

high court on pc georges petition for postpone local body election
Author
Kochi, First Published Nov 2, 2020, 12:42 PM IST

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന പി സി ജോർജിന്‍റെ ഹർജി ഹൈക്കോടതി ഉത്തരവിനായി മാറ്റി. കൊവിഡ് പ്രോട്ടോകോൾ പ്രകാരം തെരഞ്ഞെടുപ്പ് നടത്താൻ സജ്ജമാണെന്ന് ഇലക്ഷൻ കമ്മീഷൻ കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

കൊവിഡ് പശ്ചാത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ടാണ് പി സി ജോർ‍ജ് എംഎൽഎ ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് കോടതി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനത്തെ ദുരന്തത്തിലേക്ക് തള്ളിവിടുമെന്നാണ് പി സി ജോർജ് ഹർജിയിൽ ചൂണ്ടിക്കാണിച്ചത്. കൊവിഡിനിടെ തെരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേൽ ഉള്ള വെല്ലുവിളിയാണെന്നും തുടർച്ചയായി രണ്ട് തെരഞ്ഞെടുപ്പുകൾ നടത്തുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി തകർക്കുമെന്നും പി സി ജോർജ് ഹർജിയിൽ പറയുന്നു. 

അതേസമയം, ത‍ദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്യാനായി സംസ്ഥാന പൊലീസ് മേധാവി തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി. ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കമ്മീഷന്റെ താത്പര്യം. ഒരേ ദിവസം സംസ്ഥാനത്താകെ സുരക്ഷ ഏർപ്പെടുത്തുന്നതിൽ പൊലീസ് അസൗകര്യം അറിയിച്ചാൽ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്താനാണ് സാധ്യത. അതിനാൽ തന്നെ കൂടിക്കാഴ്ച നിർണയാകരമാണ്. നിലവിലെ ക്രമസമാധാന സ്ഥിതിയും കൂടിക്കാഴ്ചയിൽ ചർച്ചയാകും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രചാരണവും പൊതുയോഗങ്ങളും നടത്തണമെന്നാണ് കമ്മീഷന്റെ നിർദ്ദേശം. ഇതിന് മേൽനോട്ടം വഹിക്കേണ്ടത് പൊലീസാണ്. ഡിസംബ‍ർ 31നകം തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കുമെന്ന് കമ്മീഷൻ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios