തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ 9,11 തീയതികളിലും നടക്കും. എന്നാൽ രണ്ട് സുപ്രധാന ജോലികളിലും ഒരേ ഉദ്യോഗസ്ഥർ തന്നെ പങ്കാളികളാകുന്നതിലെ പ്രായോഗിക പ്രശ്നങ്ങള്‍ ഏറെയെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന സര്‍ക്കാരിന്‍റെ ഹര്‍ജി.
കൊച്ചി: ഉദ്യോഗസ്ഥ ക്ഷാമം ചൂണ്ടിക്കാട്ടി എസ്ഐആർ നടപടിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്. തദ്ദേശ തെരഞ്ഞെടുപ്പിനിടെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഭരണ സ്തംഭനത്തിന് കാരണമാകുമെന്നാണ് സർക്കാർ വാദം.
തീവ്രവോട്ടര്‍ പട്ടിക പരിഷ്കരണം ഡിസംബര്‍ നാലിന് പൂര്‍ത്തിയാക്കണം. തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ 9,11 തീയതികളിലും നടക്കും. എന്നാൽ രണ്ട് സുപ്രധാന ജോലികളിലും ഒരേ ഉദ്യോഗസ്ഥർ തന്നെ പങ്കാളികളാകുന്നതിലെ പ്രായോഗിക പ്രശ്നങ്ങള്‍ ഏറെയെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന സര്‍ക്കാരിന്‍റെ ഹര്‍ജി. തദ്ദേശ തെരഞ്ഞെടുപ്പിന് 1,76,000 ഉദ്യോഗസ്ഥരെ ആവശ്യമുണ്ട്. ഇതിൽ 68,000 പേരെ സുരക്ഷയ്ക്കായി മാത്രം വേണം. ഇതിനിടയിൽ എസ്ഐആർ പ്രവർത്തനങ്ങൾക്ക് 25,668 പേരെ വിന്യസിക്കേണ്ടി വരുന്നതിൽ പ്രായോഗിക പ്രശ്നങ്ങള്‍ ഏറെയെന്നാണ് സര്‍ക്കാര്‍ നിലപാട്. സംസ്ഥാന സര്‍ക്കാരിനെ തള്ളിക്കൊണ്ടായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കേന്ദ്ര സര്‍ക്കാരിന്‍റെയും വാദങ്ങള്‍.
ഭരണസ്തംഭനം ഉണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചപ്പോള്‍, 55 ശതമാനം ജോലികൾ പൂർത്തിയായ ഘട്ടത്തിൽ സർക്കാരിന്റെ ഹർജി ദുരുദ്ദേശപരമെന്നായിരുന്നു വാദിച്ചത്. ഇന്നലെ കേസ് പരിഗണിക്കവെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയാണ് അഭികാമ്യമെന്നായിരുന്നു ജസ്റ്റിസ് വിജി അരുണിന്‍റെ നിരീക്ഷണം.



