2015 ഓക്ടോബറിലായിരുന്നു വിനോദ് കുമാർ അക്രമിയുടെ വെട്ടേറ്റ് മരിച്ചത്. സംഭവത്തിനിടെ ജസീന്തയ്ക്കും കഴുത്തിന് വെട്ടേറ്റിരുന്നു. 

കൊച്ചി: വളാഞ്ചേരിയില്‍ ( Valanchery ) ഗ്യാസ് ഏജന്‍സി ഉടമ വിനോദ് കുമാറിനെ ( Vinod Kumar ) കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ( High Court ) റദ്ദാക്കി. വിനോദ് കുമാറിന്‍റെ ഭാര്യ ജ്യോതി എന്ന ജസീന്ത, മുഹമ്മദ് യൂസഫ് എന്നിവരുടെ ജീവപര്യന്തം തടവ് ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. 2015 ഓക്ടോബറിലായിരുന്നു വിനോദ് കുമാർ അക്രമിയുടെ വെട്ടേറ്റ് മരിച്ചത്. സംഭവത്തിനിടെ ജസീന്തയ്ക്കും കഴുത്തിന് വെട്ടേറ്റിരുന്നു. എന്നാൽ ജസീന്ത കുടുംബ സുഹൃത്തായ മുഹമ്മദ് യൂസഫിന്‍റെ സഹായത്തോടെ നടപ്പാക്കിയ കൊലപാതകമാണിതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. 

വിനോദിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും സ്വത്ത് ഇവര്‍ തട്ടിയെടുത്തേക്കുമെന്ന ആശങ്കയിലാണ് 
ജസീന്ത കൊലപാതകം ആസൂത്രണം ചെയ്തതെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. എന്നാൽ ഈ വാദങ്ങൾ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ബഞ്ച് പ്രതികളുടെ ശിക്ഷ റദ്ദാക്കിയത്. ഇറ്റലി സ്വദേശിയായ ജസീന്ത കേസിൽ അറസ്റ്റിലായത് മുതൽ ജാമ്യമില്ലാതെ ജയിലിൽ കഴിയുകയാണ്. 32 വെട്ടുകളാണ് വിനോദിന്‍റെ ശരീരത്തിലുണ്ടായിരുന്നത്. അബോധാവസ്ഥയില്‍ സ്വീകരണമുറിയില്‍ നിന്നാണ് ജസീന്തയെ കണ്ടെത്തിയത്. ജസീന്തയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത് ആഴത്തിലുള്ള മുറിവുകളായിരുന്നില്ല.

കോഴിക്കോട്ട് ബ്രൗണ്‍ ഷുഗറുമായി രണ്ടുപേര്‍ പിടിയിൽ

ബ്രൗണ്‍ ഷുഗറുമായി രണ്ടുപേര്‍ ബാലുശ്ശേരിയില്‍ പൊലീസിന്‍റെ പിടിയിലായി. കരിയാത്തന്‍കാവ് ആനോത്തിയില്‍ ഷാഫിദ് (34), കിനാലൂര്‍ പാടിയില്‍ ജാസിര്‍(39) എന്നിവരെയാണ് ബാലുശ്ശേരി എസ് ഐ. പി റഫീഖിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രഹസ്യവിവിരത്തെ തുടര്‍ന്ന് ബാലുശ്ശേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 1.320 ഗ്രാം ബ്രൗണ്‍ ഷുഗര്‍, കുത്തിവെക്കാനുപയോഗിക്കുന്ന സിറിഞ്ച് എന്നിവയും പിടിച്ചെടുത്തു. എസ്ഐ മുഹമ്മദ്, സി പി ഒ മുഹമ്മദ് ജംഷിദ്, ഡ്രൈവര്‍ ഗണേശന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍റ് ചെയ്തു.