Asianet News MalayalamAsianet News Malayalam

പ്രണയം എതിര്‍ത്തു, വൈരാഗ്യം; കോഴിക്കോട്ട് പിതാവിനെതിരെ പെൺകുട്ടിയുടെ പോക്സോ പരാതി, കേസിൽ ഹൈക്കോടതിയിൽ നീതി

പ്രണയം എതിര്‍ത്തതിന്റെ പേരിൽ പിതാവിനെതിരെ പോക്സോ കേസ്, കോഴിക്കോട്ടെ പിതാവിന്റെ ഹര്‍ജിയിൽ കേസ് റദ്ദ് ചെയ്ത് ഹൈക്കോടതി

High Court quashes daughter s fake POCSO complaint against father in kozhikode ppp
Author
First Published Jan 13, 2024, 5:13 PM IST

കൊച്ചി: പ്രണയബന്ധം എതിര്‍ത്തതിന്റെ പേരിൽ സുഹൃത്തിന്റെ പ്രേരണയിൽ പിതാവിനെതിരെ പെൺകുട്ടി നൽകിയ പോക്സോ പരാതിയിൽ കേസ് റദ്ദ് ചെയ്ത് ഹൈക്കോടതി. കോഴിക്കോട് കുറ്റ്യാടി സ്വദേശിക്കെതിരായ മകളുടെ പരാതിയിലാണ് പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. നാദാപുരം അതിവേഗം സ്പെഷ്യൽ കോടതിയിൽ പരിഗണനയിലുള്ള കേസിൽ പിതാവിന്റെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി കേസ് റദ്ദ് ചെയ്യുകയായിരുന്നു.  

പോക്സോ കേസിൽ ഒത്തുതീര്‍പ്പുണ്ടായാൽ പോലും അത് റദ്ദ് ചെയ്യാൻ കോടതി തയ്യാറാവാറില്ല. എന്നാൽ ഈ കേസ് ഒത്തുതീര്‍പ്പിന്റെ ഭാഗമായല്ല, റദ്ദ് ചെയ്യുന്നതെന്നും പരാതിക്കാരിയുടെ പുതിയ മൊഴിയും, പെൺകുട്ടിയുടെ അമ്മയുടെ സത്യവാങ്മൂലവും കോടതി ചുമതലപ്പെടുത്തിയത് പ്രകാരം വിക്ടിം റൈറ്റ് സെന്റര്‍ പ്രെജക്ട് കോര്‍ഡിനേറ്ററുടെ റിപ്പോര്‍ട്ടും പരിഗണിച്ചാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.  പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്ത് ലൈംഗികമായി ചൂഷണം ചെയ്തെന്ന് തൊട്ടിൽപ്പാലം സ്റ്റേഷനിൽ നൽകിയ പരാതിയോടെയാണ് സംഭവങ്ങളുടെ തുടക്കം. 

യുവാവുമായി അടുപ്പത്തിലാണെന്നും, പെൺകുട്ടി ചൂഷണത്തിന് ഇരയായെന്നും മനസിലാക്കിയ പിതാവാണ് യുവാവിനെതിരെ പരാതി നൽകിയത്. എന്നാൽ ഇതിന് ശേഷവും ഇരുവരും ബന്ധം തുടര്‍ന്നു.  പിന്നാലെ സുഹൃത്തായ യുവാവന്റെ പ്രേരണയിൽ പിതാവിനെതിരെ പീഡന പരാതി നൽകുകയായിരുന്നു. തന്നെ എട്ടാം വയസ് മുതൽ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കുകയും, പിൽക്കാലത്ത് ലൈംഗികമായി പീഡിപ്പിച്ചെന്നുമായിരുന്നു പെൺകുട്ടിയുടെ പരാതി. കേസെടുത്ത കുറ്റ്യാടി പൊലീസ്, നാദാപുരം സ്പെഷ്യൽ കോടതിയിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും, കേടതി കേസ് പരിഗണനയ്ക്ക് എടുക്കുകയും ചെയ്തു. 

ഇതിന് പിന്നാലെ, വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് അഡ്വ. എംപി പ്രിയേഷ് കുമാര്‍ മുഖേന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരാതിയുടെ നിജസ്ഥിതിയിൽ സംശയം തോന്നിയ ഹൈക്കോടതി, കേസ് പരിഗണനയ്ക്കെടുത്തു. തുടര്‍ന്ന് ഹൈക്കോടതി ലീഗൽ സര്‍വീസ് കമ്മറ്റിയുടെ ഫാമിലി കൗൺസിലിങ് സെന്റര്‍ റിപ്പോര്‍ട്ട് തേടി. ഒപ്പം വിക്ടിം റൈറ്റ് സെന്റര്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ അഡ്വ. പാര്‍വതി മേനോനെ കോടതിയ സഹായിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു.  ഈ റിപ്പോര്‍ട്ടുകൾക്കൊപ്പം, പബ്ലിക് പ്രോസിക്യൂട്ടര്‍ സമര്‍പ്പിച്ച രേഖകളിലെ പെൺകുട്ടിയുടെയും അമ്മയുടെയും മൊഴിയും പരിഗണിച്ച ശേഷമാണ് കേസ് റദ്ദ് ചെയ്തത്. 

'അച്ഛനമ്മമാരെ അനുസരിക്കണം, കൃത്യമായി ക്ലാസിൽ കയറണം'; എസ്എഫ്ഐ പ്രവർത്തകരോട് കോടതിയുടെ ഉപദേശം

റിപ്പോര്‍ട്ടുകളിൽ പ്രണയബന്ധം എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്ന് വ്യക്തമായതായി കോടതി വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് നാദാപുരം സ്പെഷ്യൽ കോടതിയിലുള്ള കേസ് നടപടികൾ അവസാനിപ്പിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. പോക്സോ കേസുകൾ കോടതി റദ്ദ് ചെയ്യുന്നത് സാധാരണമായ നടപടിയല്ലെന്നും, ഈ കേസിൽ സത്യാവസ്ഥ കോടതിയെ ബോധ്യപ്പെടുത്താൻ സാധിച്ചതാണ്, നിരപരാധിക്കെതിരായ കേസിൽ ഹൈക്കോടതിയിൽ നീതി ലഭിക്കാൻ കാരണമായതെന്നും, പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ എംപി പ്രിയേഷ് കുമാര്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios