കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി ആയിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്.
കൊച്ചി: പമ്പാ നദിയിലെ മണൽവാരൽ അഴിമതിയിലെ വിജിലൻസ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. രമേശ് ചെന്നിത്തലയുടെ (Ramesh Chennithala) പരാതിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവാണ് സിംഗിൾ ബഞ്ച് റദ്ദാക്കിയത്. അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് കോടതിയെ നേരിട്ട് സമീപിച്ച രമേശ് ചെന്നിത്തലയുടെ നടപടി നിയമപരമല്ലെന്ന് ഹൈക്കോടതി ചൂണ്ടികാട്ടി.
2018 ലെ പ്രളയത്തെ തുടർന്ന് പമ്പയില്‍ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ കണ്ണൂരിലെ കേരള ക്ലേ ആന്‍റ് സെറാമികിനെ ഏൽപ്പിച്ചതിൽ അഴിമതിയുണ്ടെന്ന് ചൂണ്ടികാട്ടി രമേശ് ചെന്നിത്തല നൽകിയ ഹർജിയിലായിരുന്നു തിരുവനന്തപുരം വിജിലൻസ് കോടതി പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലൻസ് അന്വഷണം ആവശ്യപ്പെട്ട് നൽകിയ അപേക്ഷ സർക്കാർ തള്ളിയതിന് പിറകെ രമേശ് ചെന്നത്തല കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ അഴിമതി നിരോധന നിയമത്തിലെ 17 എ പ്രകാരം എന്തുകൊണ്ട് അന്വേഷണം വേണ്ട എന്ന സർക്കാർ വിശദീകരണം മറച്ച് വെച്ചാണ് പ്രതിപക്ഷ നേതാവ് കോടതിയെ സമീപിച്ചതെന്ന് വിജലൻസ് ഡയറക്ടർ ഹൈക്കോടതിയെ അറിയിച്ചു.
ഇത് പരിഗണിച്ചായിരുന്നു ജസ്റ്റിസ് സുനിൽ തോമസ് വിജിലൻസ് അന്വഷണം റദ്ദാക്കിയത്. രമേശ് ചെന്നിത്തല നൽകിയ അപേക്ഷ തള്ളികൊണ്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് നിലനിൽക്കുന്നുണ്ട്. അതിനാൽ ഈ ഉത്തരവാണ് ഹർജിക്കാരൻ ചോദ്യം ചെയ്യേണ്ടിയിരുന്നത്. അതിനുപകരം സ്വകാര്യ ഹർജിയുമായി വിജിലൻസ് കോടതിയെ സമീപിച്ചത് നിയമപരമല്ലെന്ന് കോടതി വ്യക്തമാക്കി. കോടതി നടപടി സാങ്കേതികം മാത്രമാണെന്നും നിയമ നടപടി തുടരുമെന്നും രമേശ് ചെന്നത്തല വ്യക്തമാക്കി.

