Asianet News MalayalamAsianet News Malayalam

മാസ്ക്കില്ലാത്തത് ചോദ്യം ചെയ്‍ത പൊലീസുകാരെ മർദിച്ച കേസ്; പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനാണ് കോവിൽക്കടവ് സ്വദേശി സുലൈമാൻ എസ്എച്ച്ഒ രതീഷ് ജിഎസിനെയും അജീഷിനെയും മർദ്ദിച്ചത്. 

high court rejected  anticipatory bail who  attacked police  in Marayoor
Author
Kochi, First Published Jun 30, 2021, 12:57 PM IST

കൊച്ചി: ഇടുക്കി മറയൂരിൽ മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്‌ത പൊലീസുകാരെ മർദിച്ച കേസിൽ പ്രതി സുലൈമാന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മറയൂർ സ്റ്റേഷനിലെ പൊലീസുകാരായ അജീഷ് പോളിനും രതീഷിനുമാണ് ‌മർദ്ദനമേറ്റത്. ജൂൺ ഒന്നിനാണ് ഡ്യൂട്ടിക്കിടെ അജീഷ് പോളിന് കല്ല് കൊണ്ടുള്ള ആക്രമണത്തിൽ തലക്ക് ഗുരുതരമായി പരുക്കേറ്റത്. 

മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനാണ് കോവിൽക്കടവ് സ്വദേശി സുലൈമാൻ എസ്എച്ച്ഒ രതീഷ് ജിഎസിനെയും അജീഷിനെയും മർദ്ദിച്ചത്. ആലുവ രാജഗിരി ആശുപത്രിയിലെത്തിക്കുമ്പോൾ സംസാരശേഷിയും വലതു കയ്യുടെയും കാലിൻ്റെയും ചലന ശേഷിയും നഷ്ടപ്പെട്ട നിലയിലായിരുന്നു. അജീഷിന്റെ ജീവൻ നിലനിർത്തുക എന്നതായിരുന്നു ന്യൂറോസർജറി വിഭാഗം തലവൻ ഡോ. ജഗത് ലാൽ ഗംഗാധരൻ്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ട ആദ്യ  വെല്ലുവിളി. 

ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം അജീഷ് പോളിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ആക്രമണത്തെ തുടർന്ന് അജീഷിന്റെ തലയോട്ടി തകർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നു. തലച്ചോറിന്റെ ഇടതുവശത്തേറ്റ പരുക്കാണ് സംസാരശേഷിക്ക് തകരാറുണ്ടാക്കിയത്. ആറു ദിവസം വെൻറിലേറ്ററിൽ കഴിയേണ്ടി വന്നു. തുടർന്ന് നടത്തിയ ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി ചികിത്സകളുടെ ഫലമായി സംസാരശേഷിയും കൈകാലുകളുടെ ചലന ശേഷിയും ഒരു പരിധി വരെ തിരിച്ചു കിട്ടി. തലച്ചോറിലെ ലാംഗ്വേജ്സെന്ററിനുണ്ടായ തകരാറ് മൂലം ഓർമ്മയിലുള്ള പല കാര്യങ്ങളും ആശയവിനിമയം നടത്താൻ സാധിക്കാത്ത നിലയിലായിരുന്നു അജീഷ് പോൾ. ആറ് മാസം കൂടിയെങ്കിലും ഇദ്ദേഹത്തിന് സ്പീച്ച് തെറാപ്പി ആവശ്യമായി വരും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios