പൊതുതാല്‍പര്യമല്ല, പ്രശസ്തി താല്‍പര്യമാണ് ഹര്‍ജിയ്ക്ക് പിന്നിലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കോടതികളില്‍ ഗൗരവമുള്ള കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ ഇത്തരം അനാവശ്യ ഹര്‍ജികള്‍ പ്രോല്‍സാഹിപ്പിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
കൊച്ചി: കൊവിഡ് വാക്സിനേഷന്‍ സർട്ടിഫിക്കറ്റിൽ (Covid Vaccination Certficate) നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (PM Modi) ചിത്രം നീക്കണമെന്ന ഹര്‍ജി ഹൈക്കോടതി (High Court) ചെലവ് സഹിതം തള്ളി. ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ കോടതി പിഴ ചുമത്തി. ആറാഴ്ചയ്ക്കകം പിഴ കേരള ലീഗൽ സർവ്വീസ് സൊസൈറ്റിയിൽ അടയ്ക്കണം.
ഹര്‍ജിയ്ക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇത് തീർത്തും ബാലിശമായ ഹര്‍ജിയാണ്. പൊതുതാല്‍പര്യമല്ല, പ്രശസ്തി താല്‍പര്യമാണ് ഹര്‍ജിയ്ക്ക് പിന്നിലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കോടതികളില്‍ ഗൗരവമുള്ള കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ ഇത്തരം അനാവശ്യ ഹര്‍ജികള്‍ പ്രോല്‍സാഹിപ്പിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
യോഗ്യതയുള്ള വ്യക്തിയെയാണ് ജനം തെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്‍റില്‍ എത്തിക്കുന്നത്. ഇവരില്‍ നിന്നാണ് ഭൂരിപക്ഷം ലഭിച്ച പാര്‍ട്ടി പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ അദ്ദേഹം രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണ്. അതുകൊണ്ട് തന്നെ പുലര്‍ത്തുന്ന ആശയങ്ങള്‍ വെറെ ആണെങ്കില്‍ കൂടിയും പ്രധാനമന്ത്രിയെ ബഹുമാനിക്കേണ്ട ഉത്തരവാദിത്തം പൌരന്മാര്‍ക്കുണ്ടെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ വിശദമാക്കി. വാക്സിന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വാദത്തിനും ശക്തമായാണ് കോടതി മറുപടി നല്‍കിയത്.
പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് മേല്‍ക്കൂര പൊളിച്ച് എത്തിയ വ്യക്തിയല്ല ഇന്ത്യയുടെ പ്രധാനമന്ത്രി. ഇന്ത്യയിലെ ജനാധിപത്യം ലോകമെങ്ങും പ്രശംസിക്കപ്പെടുന്നതാണ്. ജനങ്ങളുടെ തീരുമാനമാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തതെന്നും കോടതി വിശദമാക്കി. അടുത്ത തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അദ്ദേഹത്തെ മാറ്റാം. പക്ഷേ ഒരിക്കല്‍ ആ സ്ഥാനത്തെത്തിയാല്‍ അത് ആരാണെങ്കില്‍ കൂടിയും പ്രധാനമന്ത്രി രാജ്യത്തിന്‍റെ അഭിമാനമാണെന്നും കോടതി ഹര്‍ജിക്കാരനോട് വ്യക്തമാക്കി.
കടത്തുരുത്തി സ്വദേശി പീറ്റർ മാലിപ്പറമ്പിൽ ആണ് ഹർജിക്കാരൻ. പണം കൊടുത്ത് സ്വകാര്യ ആശുപത്രിയിൽ വാക്സിൻ എടുക്കുമ്പോൾ മോദിയുടെ ചിത്രം പതിക്കുന്നത് മൌലികവകാശ ലംഘനം എന്നായിരുന്നു വാദം.
കൊവിഡ് മരണങ്ങളിലെ നഷ്ട പരിഹാരം ; സർക്കാർ വക കാലതാമസം തുടരുന്നു
സുപ്രീം കോടതി (supreme court) കണ്ണുരുട്ടിയതോടെ നേരിയതോതിൽ ഉണർന്ന് സംസ്ഥാനത്തെ കൊവിഡ് മരണ നഷ്ടപരിഹാര വിതരണം (covid death financial aid) . അവധി ദിവസത്തെ പ്രവർത്തനവും പ്രത്യേക ക്യാംപുകളും കൊണ്ട് നഷ്ടപരിഹാരം കിട്ടിയവരുടെ എണ്ണം 548ൽ നിന്ന് 2050 ആയി. അതേസമയം വകുപ്പുകളുടെ ഏകോപനമില്ലായ്മയും, ആരോഗ്യവകുപ്പിൽ രേഖകളിലെ കാലതാമസവും ഇപ്പോഴും തടസ്സമായി നിലനിൽക്കുകയാണ്.
സുപ്രീം കോടതി വിമർശനത്തിന് പിന്നാലെ അവധിദിവസവും പ്രവർത്തിച്ച് അപേക്ഷകൾ സ്വീകരിക്കുമ്പോൾ 10,777 അപേക്ഷകളിൽ 548 പേർക്ക് മാത്രമായിരുന്നു നഷ്ടപരിഹാരം ലഭിച്ചിരുന്നത്. ഇപ്പോൾ അപേക്ഷകളുടെ എണ്ണം 12,726 ആയി ഉയർന്നു. 7774 എണ്ണം അംഗീകരിച്ചു. 2050 പേർക്ക് തുകയും നൽകി. നടപടി ക്രമങ്ങളിൽ 1418 പരാതികളും ഉയർന്നിട്ടുണ്ട്. ക്യാംപുകൾ ഇതേപടി തുടരുമെന്നാണ് റവന്യൂവകുപ്പ് അറിയിക്കുന്നത്. (കൂടുതൽ വായിക്കാം...)
